Click to Download Ihyaussunna Application Form
 

 

സ്ത്രീ പള്ളിപ്രവേശത്തിന്റെ മതവീക്ഷണം

ഇസ്ലാമിന്റെ ആവിര്‍ഭാവകാലത്ത് പര്‍ദ്ദാനിയമം പ്രാബല്യത്തില്‍ വരാതിരുന്നതിനാല്‍ വനിതകള്‍ക്ക് പള്ളിയില്‍ പോകുന്നതിന് നബി(സ്വ)അനുമതി നല്‍കുകയും അവര്‍ അനുവാദം ചോദിച്ചാല്‍ അനുമതി നല്‍കണമെന്നും അവരെ തടയേണ്ടതില്ലെന്നും അവിടുന്ന് നിര്‍ദ്ദേശിച്ചുവെന്നത് യാഥാര്‍ഥ്യം തന്നെ. ഇതു തന്നെയാണ് ഇന്നത്തെ പലരുടെയും അവലംബം.

എന്നാല്‍ പര്‍ദ്ദാനിയമം പ്രാബല്യത്തില്‍ വന്നതോടെ നിരുപാധികമായുള്ള അനുമതി തടയുകയാണുണ്ടായതെന്നും അതുകൊണ്ടു തന്നെ ജുമുഅഃ ജമാഅതുകള്‍ക്ക് വേണ്ടി പള്ളിയില്‍ ഹാജരാകാറുണ്ടായിരുന്ന സ്വഹാബി വനിതകള്‍ അത് നിര്‍ത്തിവെക്കുകയാണുണ്ടായതെന്നും ശേഷം വല്ല വനിതകളും വല്ലപ്പോഴും പള്ളിയില്‍ ഹാജരായെങ്കില്‍ ചോദ്യം ചെയ്യപ്പെടാനും ശിക്ഷിക്കപ്പെടാനും അവര്‍ വിധേയരാവുകയാണുണ്ടായതെന്നും ഇക്കൂട്ടര്‍ക്കറിയില്ല.

പ്രശസ്ത ഹനഫീ പണ്ഢിതനായ ഇമാം അലാഉദ്ദീനുല്‍ കാസാനി(റ) (മരണം ഹിജ്റ 587) പറയുന്നത് കാണുക. ജുമുഅഃ, രണ്ട് പെരുന്നാള്‍, മറ്റു നിസ്കാരങ്ങള്‍ എന്നിവക്കൊന്നിനും തന്നെ യുവതികള്‍ പുറപ്പെടുന്നത് തീരെ അനുവദനീയമല്ല. പണ്ഢിതന്മാരുടെ ഇജ്മാഅ് (ഏകോപനം) ഉണ്ട്. നിങ്ങള്‍ വീടുകള്‍ക്കുള്ളില്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന വനിതകളോടുള്ള നിര്‍ദ്ദേശമടങ്ങുന്ന (സൂറതുല്‍ അഹ്സാബിലെ) സൂക്തമാണ് ഇതിന് നിദാനം. വീടുകള്‍ക്കുള്ളില്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന ആജ്ഞ അവിടെ നിന്ന് പുറപ്പെടുന്നതിനുള്ള വിലക്കാണല്ലോ. മാത്രമല്ല, പുറപ്പെടുന്നത് നിശ്ചയം നാശത്തിന് കാരണമാണെന്നതില്‍ സന്ദേഹമില്ല. നാശം വരുത്തുന്നത് നിഷിദ്ധമാണ് താനും. നിഷിദ്ധമായ ഒന്നിലേക്ക് വഴിവെക്കുന്നതും നിഷിദ്ധം തന്നെ (ബദാഇഉസ്സ്വനാഇഅ് വാ:1, പേ.275).

സൂറഃ അഹ്സാബിലെ പ്രസ്തുത സൂക്തം വ്യാഖ്യാനിച്ചുകൊണ്ട് ഇമാം ഖുര്‍ത്വുബി(റ) എഴുതുന്നു. നിര്‍ബന്ധ ആവശ്യങ്ങള്‍ക്കല്ലാതെ സ്ത്രീകള്‍ വീട്ടില്‍ നിന്ന് പുറപ്പെടുന്നത് തടയുകയും അവര്‍ വീടുകളെ അനിവാര്യമാക്കാന്‍ കല്‍പിക്കുകയുമാണ് ഇസ്ലാമിക ശരീഅത് ചെയ്തിട്ടുള്ളത്. മഹതിയായ ആതിക(റ)പ്രസ്തുത സൂക്തം പാരായണം ചെ യ്യുമ്പോള്‍ മുഖമക്കന നനയും വിധം കരയാറുണ്ടായിരുന്നുവെന്ന് സഅ്ലബി(റ)യും മറ്റും പ്രസ്താവിച്ചിട്ടുണ്ട്. ജമല്‍ യുദ്ധവേളയില്‍ (മുസ്ലിംകള്‍ക്കിടയില്‍ സ്വുല്‍ഹുണ്ടാക്കുന്നതിന്ന് വേണ്ടി) ആഇശഃ(റ) യാത്ര ചെയ്തതിലുള്ള അപാകത ചിന്തിച്ചായിരുന്നു അവര്‍ കരഞ്ഞിരുന്നതെന്ന് ഇബ്നു അത്വിയ്യഃ(റ) പറയുന്നു. തങ്ങളുടെ വീട്ടില്‍ ഒതുങ്ങി ഇരിക്കാനായിരുന്നില്ലെ അല്ലാഹു ആജ്ഞാപിച്ചതെന്ന് ആഇശഃ(റ)കരയുമ്പോള്‍ അമ്മാര്‍ (റ) പറയുകയുണ്ടായി (തഫ്സീറുല്‍ ഖുര്‍ത്വുബി വാ:14, പേ.179, 180).

നാല് മദ്ഹബുകളുടെയും അംഗീകൃത ഗ്രന്ഥങ്ങളില്‍ സ്ത്രീകള്‍ ജുമുഅഃ ജമാഅത്തുകളില്‍ പങ്കെടുക്കുന്നതിന് അനുകൂലമായ യാതൊരു പരാമര്‍ശവും കാണുന്നില്ല.

ഹനഫീ മദ്ഹബ്: “സ്ത്രീകള്‍ ജമാഅതില്‍ സംബന്ധിക്കുന്നത് കറാഹതാകുന്നു”(മുഖ്തസ്വറുല്‍ ഖുദ്ദൂരി പേ.21).

മാലികി മദ്ഹബ്: “യുവതി ഒരിക്കലും ജുമുഅഃ നമസ്കാരത്തിലേക്ക് പുറപ്പെടാന്‍ പാടില്ല” (കിഫായ 2‏-156).

ശാഫിഈ മദ്ഹബ്: “സ്ത്രീകളല്ലാത്തവര്‍ക്ക് പള്ളിയില്‍ വെച്ചുള്ള ജമാഅതാകുന്നു ഉത്തമം…. സ്ത്രീകള്‍ക്കും നപുംസകങ്ങള്‍ക്കും വീട്ടില്‍ വെച്ചാണുത്തമം” (മുഗ്നി 1‏-230).

ഹമ്പലി മദ്ഹബിലും കറാഹത്താണെന്ന് പറഞ്ഞിട്ടുണ്ട് (അല്‍ മദാഹിബു 1‏-385).

ഇബ്നുസിരീന്‍(റ)യില്‍ നിന്ന് അബ്ദുബ്നു ഹുമൈദും(റ)ഇബ്നുല്‍ മുന്‍ദിറും(റ) നിവേദനം: “താങ്കള്‍ എന്തുകൊണ്ട് ഹജ്ജിനും ഉംറക്കും പോകുന്നില്ലെന്ന് സൌദ(റ)യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പ്രസ്താവിച്ചു. നിശ്ചയം ഞാന്‍ ഹജ്ജും ഉംറയും ചെയ്തിട്ടുണ്ട്. ശേഷം വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കാനാണ് അല്ലാഹു എന്നോട് കല്‍പിച്ചത്. അല്ലാഹുവാണ് സത്യം മരിക്കുന്നതുവരെ ഞാനെന്റെ വീട്ടില്‍ നിന്ന് പുറപ്പെടുകയില്ല. ഇബ്നുസിരീന്‍(റ)പറയുന്നു. അല്ലാഹുവാണ് സത്യം അവിടുത്തെ ജനാസയല്ലാതെ അവിടുത്തെ വീട് കവാടത്തിലൂടെ പുറപ്പെട്ടിട്ടില്ല”(ഇമാം സുയൂഥി(റ)യുടെ അദ്ദുര്‍റുല്‍ മന്‍സ്വൂര്‍ വാ:5, പേ:195; ഖുര്‍ത്വുബി(റ)യുടെ തഫ്സീര്‍ വാ:14, പേ:180; ഇബ്നു അബ്ദില്‍ ബര്‍റി(റ)ന്റെ ഇസ്തീആബ് വാ:4, പേ:451 എന്നിവയില്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട്).

ഉമ്മുനാഇലഃ(റ)യില്‍ നിന്ന് ഇബ്നു അബീഹാതിം(റ)നിവേദനം: “ഉമ്മുനാഇലഃ പറഞ്ഞു. (സ്വഹാബിവര്യനായ) അബൂബര്‍സതില്‍ അസ്ലമി(റ)വീട്ടില്‍ വന്നപ്പോള്‍ ഉമ്മുവലദിനെ കണ്ടില്ല. പള്ളിയില്‍ പോയതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. അവര്‍ വന്നപ്പോള്‍ അബൂബര്‍സതില്‍ അസ്ലമി(റ) ആക്ഷേപിക്കുകയും തുടര്‍ന്ന് ഇങ്ങനെ പറയുകയും ചെയ്തു. നിശ്ചയം സ്ത്രീകള്‍ പുറത്ത് പോകുന്നത് അല്ലാഹു വിലക്കിയിരിക്കുന്നു. അവര്‍ വീടുകള്‍ക്കുള്ളില്‍ ഒതുങ്ങി ഇരിക്കാനാണ് അല്ലാഹു ആജ്ഞാപിച്ചിട്ടുള്ളത്. ജനാസയെ പിന്തുടരാനോ പള്ളിയില്‍ വരാനോ ജുമുഅഃക്ക് സംബന്ധിക്കാനോ അവര്‍ക്ക് പാടില്ല” (അദ്ദുര്‍റുല്‍ മന്‍സ്വൂര്‍ വാ.5, പേ.195).

അബൂ അംറിനിശൈബാനി (റ) യില്‍ നിന്ന് ഇബ്നു അബീശൈബഃ(റ)നിവേദനം. “വെ ള്ളിയാഴ്ച ദിവസം പള്ളിയില്‍ ഹാജരായ ചില വനിതകളെ കല്ല് വാരി എറിഞ്ഞ് പുറത്താക്കുന്നതായി അബ്ദുല്ലാഹിബ്നു മസ്ഊദി(റ)നെ ഞാന്‍ കണ്ടു” (മുസ്വന്നഫു ഇബ്നിഅബീശൈബ: വാ.2, പേ.283).

ഹാഫിള് അബ്ദുര്‍റസാഖി(റ)ന്റെ നിവേദനത്തില്‍ ഇങ്ങനെ കൂടി കാണാം. അവിടുന്ന് പറഞ്ഞു. “സ്ത്രീകളെ! നിങ്ങള്‍ക്കുത്തമമായ വീടുകളിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക” (മുസ്വന്നഫു അബ്ദുര്‍റസാഖ്, വാ.3, പേ.173). ബൈഹഖി(റ)യുടെ നിവേദനത്തില്‍ ഒന്നുകൂടി കാണാം. നിശ്ചയം ഇത്(പള്ളി)നിങ്ങള്‍ക്കുള്ളതല്ല(സുനനുല്‍ ബൈഹഖി വാ.3, പേ.186).

സ്വഹീഹായ പരമ്പരയിലൂടെ ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്ന നിവേദനത്തില്‍ ഇത്രയും കൂടിയുണ്ട്. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞു. സ്ത്രീകളെ അല്ലാഹു പുറപ്പെടുവിച്ച സ്ഥലത്ത് നിന്ന് നിങ്ങളും പുറപ്പെടുവിക്കുക (മജ്മഉസ്സവാഈദ് വാ.2, പേ.35).

അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ഉദ്ദേശിച്ചത് പള്ളികളാണ്. അല്ലാഹു പള്ളികളില്‍ നിന്നവരെ പുറത്താക്കിയിട്ടുണ്ടെന്ന് ഇത് തെളിയിക്കുന്നു. അതുകൊണ്ട് തന്നെയാണ് പള്ളികളെ പരാമര്‍ശിച്ച സൂറതുത്തൌബഃയിലെ 108‏-ാം സൂക്തത്തിലും സൂറതുന്നൂറിലെ 36‏-ാം സൂക്തത്തിലും അല്ലാഹു പുരുഷന്മാരെ മാത്രം പരാമര്‍ശിച്ചത്.

ഇമാം റാസി(റ)എഴുതുന്നു. പുരുഷന്മാരെ മാത്രം പരാമര്‍ശിച്ചത് സ്ത്രീകള്‍ ജമാഅത്തിന്റെ അര്‍ഹരല്ലാത്തതുകൊണ്ടാണ് (തഫ്സീറുര്‍റാസി വാ.24, പേ.5).

ഇസ്മാഈലുല്‍ ഹിഖി(റ) എഴുതുന്നു: “പള്ളികളിലുള്ള ജമാഅതുകളും ജുമുഅഃയും സ്ത്രീകള്‍ക്കില്ലാത്തതുകൊണ്ടാണ് പുരുഷന്മാരെ മാത്രം പരാമര്‍ശിച്ചത്”(റൂഹുല്‍ബയാന്‍, വാ.6, പേ.161).

ഇമാം സനാഉല്ലാ(റ)എഴുതുന്നു: “പള്ളികളിലുള്ള ജമാഅതും ജുമുഅഃയും സ്ത്രീകള്‍ ക്കില്ലാത്തതിനാലാണ് പുരുഷന്മാരെ മാത്രം പരാമര്‍ശിച്ചത്” (തഫ്സീറുല്‍ മള്ഹരി വാ.6, പേ.541).

ഇമാം ബഗ്വി(റ)യുടെ തഫ്സീറു മആലിമിത്തന്‍സീല്‍ വാ.5, പേ.66 ലും സ്വാവി(റ)യുടെ ജലാലൈനി വ്യാഖ്യാനം വാ.3, പേ.14 ലും ജമലിന്റെ ജലാലൈനി വ്യാഖ്യാനം വാ.3, പേ.227 ലും തഫ്സീറുല്‍ ഖാസിന്‍ (ഹാമിശു ബഗ്വി) വാ.5, പേ.66 ലും റൂഹുല്‍ മആനി വാ.18, പേ.177 ലും തഫ്സീറുല്‍ ഖുര്‍ത്വുബി വാ.12, പേ.184 ലും ഇപ്രകാരം കാണാം.

സ്ത്രീകളുടെ പള്ളിപ്രവേശം അല്ലാഹു തന്നെ വിലക്കിയിട്ടുണ്ടെന്നാണ് പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങളെ ആധാരമാക്കിയുള്ള പണ്ഢിതന്മാരുടെ ഉപര്യുക്ത ഉദ്ധരണികള്‍ തെളിയിച്ചത്. എന്നാല്‍ ഇതിന് വിപരീതമായി നബി(സ്വ) സ്ത്രീകള്‍ക്ക് പള്ളിപ്രവേശനത്തിന് പ്രചോദനം നല്‍കിയെന്നാണ് പ്രവേശനവാദികള്‍ മുറവിളി കൂട്ടുന്നത്.

ബുഖാരിയുടെ വ്യാഖ്യാനത്തില്‍ അല്ലാമാ അന്‍വര്‍ ശാഹ്(റ) എഴുതുന്നു: സ്ത്രീകള്‍ ജമാഅതുകള്‍ക്ക് സംബന്ധിക്കുന്നതിന് യാതൊരു പ്രചോദനവും ശരീഅതില്‍ വന്നിട്ടില്ല. എന്നല്ല അവരുടെ പള്ളിപ്രവേശനത്തിന് വിപരീതമാണ് അബൂദാവൂദിന്റെ ഹദീസിലുള്ളത് (ഫൈളുല്‍ ബാരി അലല്‍ ബുഖാരി വാ.2, പേ.322).

അവരുടെ വീടാണവര്‍ക്കുത്തമമെന്ന സുനനു അബൂദാവൂദ് വാ.1, പേ.91 ലെ നബിവചനമാണ് അന്‍വര്‍ ശാഹ്(റ) ഉദ്ദേശിക്കുന്നത്. ഈ നബിവചനം ബലഹീനമാക്കാനുള്ള വിഫലശ്രമമാണ് പ്രവേശനവാദികള്‍ നടത്തുന്നത്.

ഇബ്നു ഉമറി(റ)ല്‍ നിന്ന് ഇമാം ഹാകിം(റ)ഇത് ഉദ്ധരിക്കുകയും ബുഖാരി, മുസ്ലിമിന്റെ നിബന്ധനയനുസരിച്ച് സ്വഹീഹാണിതെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് (ഹാകിമിന്റെ മുസ്തദ്റക് വാ.1, പേ.209).

ഇബ്നു ഖുസൈമഃ(റ) തന്റെ സ്വഹീഹ് വാ.3, പേ.93 ലും ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ഖുസൈമഃ(റ)യുടെ നിവേദക പരമ്പര സ്വഹീഹാണെന്ന് ഹാഫിളു ഇബ്നു ഹജര്‍(റ) ഫത്ഹുല്‍ ബാരി വാ.2, പേ.494 ല്‍ പറയുന്നു. ഇമാം അഹ്മദ്(റ) ഈ ഹദീസുദ്ധരിച്ചതായി തഫ്സീര്‍ ഇബ്നുകസീര്‍ വാ.3, പേ.294 ല്‍ കാണാം. അബൂദാവൂദിന്റെ നിവേദക പരമ്പര തന്നെ ഇമാം ബുഖാരി(റ)യുടെ നിബന്ധനയനുസരിച്ച് സ്വഹീഹാണെന്ന് ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബ് വാ.4, പേ.197 ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

ഉമ്മു ഹുമൈദി സ്സാഇദിയ്യഃ(റ)യില്‍ നിന്ന് ഇമാം ഇബ്നു ഖുസൈമഃ(റ)നിവേദനം. അവര്‍ നബി(സ്വ)യുടെ അരികില്‍ വന്ന് ഇപ്രകാരം പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ! നിശ്ചയം നിങ്ങളുടെ കൂടെ ഞാന്‍ നിസ്കരിക്കാനാഗ്രഹിക്കുന്നു. അവിടുന്ന് പ്രതിവചിച്ചു. എന്റെ കൂടെ നിനക്ക് നിസ്കരിക്കാനാഗ്രഹമുണ്ടെന്ന് നിശ്ചയം എനിക്കറിയാം. എന്നാല്‍ നിന്റെ പ്രൈവറ്റ് റൂമില്‍ വെച്ച് നീ നിസ്കരിക്കലാണ് അടുത്തുള്ള അറയില്‍ വെച്ച് നിസ്കരിക്കുന്നതിനേക്കാള്‍ നിനക്കുത്തമം. അതില്‍ വെച്ച് നിസ്കരിക്കലാണ് വീടിന്റെ മറ്റു വശത്ത് വെച്ച് നിസ്കരിക്കുന്നതിനേക്കാളുത്തമം. അവിടെ വെച്ച് നിസ്കരിക്കലാണ് നിന്റെ കുടുംബപള്ളിയില്‍ വെച്ച് നിസ്കരിക്കുന്നതിനേക്കാളുത്തമം. കുടുംബപള്ളിയില്‍ വെച്ച് നിസ്കരിക്കലാണ് എന്റെ ഈ പള്ളിയില്‍ വെച്ച് നിസ്കരിക്കുന്നതിനേക്കാളുത്തമം. ഇതുകേട്ട് ഉമ്മു ഹുമൈദി സ്സാഇദിയ്യഃ (റ) തന്റെ വീടിന്റെ ഇരുളില്‍ ഒരു പ്രൈവറ്റ് റൂം നിസ്കാരത്തിനുവേണ്ടി സജ്ജമാക്കുകയും മരിക്കുന്നതു വരെ അവിടെ വെച്ച് തന്നെ നിസ്കരിക്കുകയും ചെയ്തു (സ്വഹീഹു ഇബ്നി ഖുസൈമ വാ.3, പേ.95).

ഇബ്നു അബീ ആസ്വിം ഈ ഹദീസുദ്ധരിച്ചതിന്റെ ആദ്യഭാഗത്ത് ഇപ്രകാരമുണ്ട്. ഉമ്മു ഹുമൈദി സ്സാഇദിയ്യഃ (റ) പറഞ്ഞു. തങ്ങളുടെ കൂടെ ഞങ്ങള്‍ നിസ്കരിക്കുന്നത് ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍ വിലക്കുകയാണ്. എന്നാല്‍ തങ്ങളുടെ കൂടെ നിസ്കരിക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു (ഇബ്നുല്‍ അസീറി(റ)ന്റെ ഉസുദുല്‍ ഗാബഃ ഫീമഅ്രിഫതിസ്സ്വഹാബ: വാ.5, പേ.578).

പ്രസ്തുത ഹദീസ് ഇബ്നു അബീശൈബഃ(റ)മുസ്വന്നഫ് വാ.2, പേ.385 ലും ഇബ്നുഹിബ്ബാന്‍(റ) തന്റെ സ്വഹീഹ് വാ.3, പേ.488 ലും നിവേദനം ചെയ്തിട്ടുണ്ട്. അബ്ദുബ്നു ഹുമൈദും (റ) ഇബ്നുല്‍ മുന്‍ദിറും(റ)നിവേദനം ചെയ്തതായി അദ്ദുര്‍റുല്‍ മന്‍സൂര്‍ വാ.5, പേ.52ലും കാണാം. ഇമാം അഹ്മദ്(റ)തന്റെ മുസ്നദ് വാ.6, പേ.371 ലും ഇമാം ത്വബ്റാനി(റ)തന്റെ അല്‍മുഅ്ജമുല്‍ കബീര്‍ വാ.25, പേ.168 ലും ഈ ഹദീസുദ്ധരിച്ചിട്ടുണ്ട്. ഇമാം അഹ്മദി(റ)ന്റെ നിവേദക പരമ്പര നല്ലതാണെന്ന് ഫത്ഹുല്‍ബാരി വാ.2, പേ.495 ലും ത്വബ്റാനി(റ)യുടെ നിവേദക പരമ്പര യോഗ്യരാണെന്ന് മജ്മഉസ്സവാഇദ് വാ.2, പേ.34 ലും പ്രസ്താവിച്ചിട്ടുണ്ട്.

അബൂറാഫിഇ(റ)ല്‍ നിന്ന് ഇബ്നു അസാകിര്‍(റ) നിവേദനം. നബി(സ്വ) പറഞ്ഞു. നി ശ്ചയം മൂസാനബി(അ)യോടും ഹാറൂന്‍ നബി(അ)യോടും തങ്ങളുടെ ജനതക്ക് വേണ്ടി വീടുകള്‍ തയ്യാറാക്കാന്‍ അല്ലാഹു ആജ്ഞാപിച്ചു. തങ്ങളുടെ പള്ളിയില്‍ അശുദ്ധിയുള്ളവര്‍ താമസിക്കരുതെന്നും സ്ത്രീകളെ പള്ളിയിലേക്കടുപ്പിക്കരുതെന്നും അല്ലാഹു നിര്‍ദ്ദേശിക്കുകയുണ്ടായി. എന്നാല്‍ എന്റെ ഈ പള്ളിയില്‍ ഒരു സ്ത്രീയെയും അടുപ്പിക്കുന്നത് അനുവദനീയമല്ല. അശുദ്ധിയുള്ളവര്‍ താമസിക്കുകയും അരുത്. (അദ്ദുര്‍റുല്‍ മന്‍സ്വൂര്‍ വാ.3, പേ.314).

ഈ അടിസ്ഥാനത്തിലാണ് ഇമാം ഇബ്നു ഖുസൈമഃ(റ) ഇപ്രകാരം പറഞ്ഞത്. മറ്റു പള്ളികളിലുള്ള ആയിരം നിസ്കാരങ്ങളേക്കാള്‍ ഉത്തമമാണ് എന്റെ ഈ പള്ളിയിലുള്ള ഒരു നിസ്കാരമെന്ന നബിവചനം പുരുഷന്മാരെ ഉദ്ദേശിച്ചാണ്. സ്ത്രീകളെ ഉദ്ദേശിച്ചല്ല. (സ്വഹീഹു ഇബ്നിഖുസൈമഃ വാ.3, പേ.94).

യസീദിന്റെ പുത്രി അസ്മാഅ്(റ)യില്‍ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം. നബി(സ്വ) സ്വഹാബികളോടൊന്നിച്ചിരിക്കവെ അവര്‍ വന്ന് ഇപ്രകാരം പറഞ്ഞു. മറ്റു സ്ത്രീകളുടെ ഒരു നിവേദനം സമര്‍പ്പിക്കാനാണ് തങ്ങളെക്കൊള്ളെ ഞാന്‍ വന്നത്.

താനീ പുറപ്പെട്ടതറിഞ്ഞ സര്‍വ്വ സ്ത്രീകളും എന്റെ അഭിപ്രായത്തില്‍ തന്നെയാണ്. പ്രവാചകരെ! നിശ്ചയം തങ്ങളെ സത്യവുമായി അല്ലാഹു നിയോഗിച്ചത് പുരുഷന്മാരിലേക്കും സ്ത്രീകളിലേക്കുമാണല്ലോ. തങ്ങളിലും തങ്ങളെ നിയോഗിച്ച ഇലാഹിലും വിശ്വാസമുള്ളവരാണ് ഞങ്ങള്‍. സ്ത്രീ സമൂഹമായ ഞങ്ങള്‍ നിങ്ങളുടെ വീടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടവരും നിങ്ങളുടെ വികാരശമനത്തിന് വിധിക്കപ്പെട്ടവരും നിങ്ങളുടെ സന്താനങ്ങളെ വഹിക്കുന്ന വരുമാണ്. പുരുഷസമൂഹമാകുന്ന നിങ്ങളാണെങ്കില്‍ ജുമുഅഃ ജമാഅത് തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് ഞങ്ങളേക്കാള്‍ ശ്രേഷ്ഠമാക്കപ്പെട്ടവരാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ് ഇതിനേക്കാളെല്ലാമുപരി ശ്രേഷ്ഠവും (അതും നിങ്ങള്‍ക്ക് മാത്രമാണ്). നിങ്ങളില്‍പെട്ട ഒരാള്‍ ഹജ്ജിനോ ഉംറക്കോ ജിഹാദിനോ പുറപ്പെട്ടാല്‍ നിങ്ങളുടെ ധനം സംരക്ഷിക്കുന്നവരും സന്താനങ്ങളെ പരിപാലിക്കുന്നവരും ഞങ്ങളാണ്. പിന്നെ ഏതു പുണ്യത്തിലാണ് ഞങ്ങള്‍ നിങ്ങളോട് പങ്കാളികളാവുന്നത്. ഇത് ശ്രവിച്ച നബി(സ്വ) സ്വഹാബാക്കളിലേക്ക് മുഖം തിരിച്ച് ഇങ്ങനെ ചോദിച്ചു. തന്റെ ദീന്‍ കാര്യത്തെ സംബന്ധിച്ച് ഇത്രയും ഭംഗിയായി അന്വേഷിക്കുന്ന വല്ല സ്ത്രീയെയും നിങ്ങള്‍ ശ്രവിച്ചിട്ടുണ്ടോ? അവര്‍ പറഞ്ഞു. ഇത്രയൊക്കെ തന്റെ ദീന്‍ കാര്യത്തെ സംബന്ധിച്ച് ഒരു സ്ത്രീ ബോധമുള്ളവളാകുമെന്ന് ഞങ്ങള്‍ ഭാവിച്ചിരുന്നില്ല. ശേഷം പ്രസ്തുത സ്ത്രീയിലേക്ക് തന്നെ തിരിഞ്ഞ് നബി(സ്വ) ഇങ്ങനെ അരുളി. പെണ്ണെ! നീ പോയിക്കൊള്ളുക. നീ പ്രതിനിധാനം ചെയ്യുന്ന മറ്റു സ്ത്രീകളോട് നീ അറിയിപ്പ് കൊടുക്കുക. അവര്‍ തന്റെ ഭര്‍ത്താവുമായി നല്ല നിലക്ക് കൂടി വര്‍ത്തിക്കലും അവരുടെ പ്രീതി കാംക്ഷിച്ച് നിന്ന് പോരലും അവരോട് യോജിച്ച് പ്രവര്‍ത്തിക്കലും മേല്‍പറഞ്ഞതിന്റെ പ്രതിഫലത്തോട് തുല്യമുള്ള പ്രതിഫലാര്‍ഹമായ കാര്യമാണ്. ഇതുകേട്ട അവര്‍ സന്തോഷാധിക്യത്താല്‍ തക്ബീര്‍ ചൊല്ലിക്കൊണ്ട് പിരിഞ്ഞുപോയി. (അദ്ദുര്‍റുല്‍ മന്‍സ്വൂര്‍ വാ.2, പേ.153) ഈ സംഭവം ഇബ്നു അസാകിര്‍(റ) തന്റെ താരിഖില്‍ നിവേദനം ചെയ്തിട്ടുണ്ട്.

സ്ത്രീകള്‍ വീടുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടേണ്ടവരാണെന്നും പരപുരുഷന്മാരോടൊപ്പം ജുമുഅഃ ജമാഅതുകളില്‍ അവര്‍ പങ്കെടുക്കുന്നത് വിലക്കപ്പെട്ടതാണെന്നും ഉപര്യുക്ത ഹദീസുകള്‍ തെളിയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയായിരുന്നു നബി(സ്വ)യുടെ ഭാര്യമാരൊക്കെയും അവരുടെ വീടുകള്‍ക്കുള്ളില്‍ ഒതുങ്ങി കൂടുകയും ജുമുഅഃ ജമാഅതുകള്‍ക്ക് പങ്കെടുക്കാതിരിക്കുകയും ചെയ്തത്.

ഇമാം ശാഫിഈ(റ) പറയുന്നത് കാണുക. ഉമ്മഹാതുല്‍ മുഅ്മിനീന്‍ റസൂലുല്ലാഹി(സ്വ)യുടെ ഭാര്യമാര്‍ ആരും തന്നെ വല്ല പള്ളിയിലും ജുമുഅഃക്കോ ജമാഅതിനോ പങ്കെടുത്തതായി നാം അറിഞ്ഞിട്ടില്ല. (അത് അവര്‍ക്ക് ബാധ്യതയായിരുന്നെങ്കില്‍) നബി(സ്വ)യോടുള്ള സാമീപ്യം കാരണം അവരായിരുന്നു ബാധ്യത വീട്ടാന്‍ ഏറ്റവും കടമപ്പെട്ടവര്‍. എന്നാല്‍ പിന്നെ അവര്‍ക്ക് പര്‍ദ്ദാനിയമം വന്നതു കൊണ്ടല്ലേ അവര്‍ പോവാതിരുന്നതെന്ന് സംശയിക്കുന്നുവെങ്കില്‍ മറുപടി ഇപ്രകാരമാണ്. പര്‍ദ്ദാനിയമം ആദ്യം അവതരിച്ചിട്ടില്ലല്ലോ. അത് പിന്നീടല്ലേ അവതരിക്കപ്പെട്ടത്. പര്‍ദ്ദാനിയമം അവര്‍ക്കുള്ള ബാധ്യതയെ ഒരിക്കലും എടുത്ത് കളഞ്ഞിട്ടില്ല(ഇമാം ശാഫിഈ(റ)യുടെ ഇഖ്തിലാഫുല്‍ ഹദീസ് (ഹാമിശുല്‍ ഉമ്മ് വാ.7, പേ.172)).

പര്‍ദ്ദാനിയമം നിലവില്‍ വരുന്നതിന്ന് മുമ്പും ജുമുഅഃ ജമാഅതുകള്‍ക്ക് പങ്കെടുക്കല്‍ സ്ത്രീകളുടെ ബാധ്യതയൊന്നുമല്ലായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. അത് തന്നെയാണ് റസൂലുല്ലാഹി(സ്വ)യുടെ ഭാര്യമാരാരും പോകാതിരുന്നതിന്റെ രഹസ്യവും.

മുഹമ്മദുബ്നു ഹസം (മരണം ഹി. 430) പറയുന്നത് കാണുക: നബി(സ്വ)യുടെ ഭാര്യമാരൊക്കെയും വീടുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടുന്നവരും പള്ളികളിലേക്ക് പുറപ്പെടാത്തവരുമായിരുന്നുവെന്ന് ധാരാളം ഹദീസുകളില്‍ സ്വഹീഹായി വന്നിട്ടുണ്ട് (അല്‍ മുഹല്ലാ വാ.4, പേ.196).

ഇമാം ശാഫിഈ(റ) തന്നെ പറയട്ടെ. നിശ്ചയം നബി(സ്വ)യുടെ അഹ്ലുബൈതില്‍ പെട്ട സ്ത്രീകള്‍, പെണ്‍മക്കള്‍, ഭാര്യമാര്‍, പരിചാരകര്‍ തുടങ്ങിയിട്ടുള്ള ധാരാളം സ്ത്രീകള്‍ നബി(സ്വ)യുടെ കൂടെയുണ്ടായിരുന്നു. അവരില്‍ പെട്ട ആരും തന്നെ ജുമുഅഃക്കോ ജമാഅതിന്നോ രാത്രിയോ പകലോ പുറപ്പെട്ടതായി നാം അറിയുന്നില്ല. മസ്ജിദു ഖുബായിലേക്കോ മറ്റു പള്ളിയിലേക്കോ പോയിരുന്നില്ല. നബി(സ്വ)യാണെങ്കില്‍ നടന്നും വാഹനം കയറിയും അവിടെ പോകാറുണ്ടായിരുന്നു. അപ്രകാരം തന്നെ മുസ്ലിംകളില്‍ നിന്നുള്ള സലഫുസ്സ്വാലിഹുകളില്‍ ആരും തന്നെയോ ജമാഅതിന്നൊ ജുമുഅഃക്കൊ പോകാന്‍ ആജ്ഞാപിച്ചതായും നാം അറിയുന്നില്ല. അവര്‍ക്ക് അതില്‍ വല്ല ശ്രേഷ്ഠതയും ഉണ്ടായിരുന്നെങ്കില്‍ അവ കല്‍പിക്കേണ്ടതും അനുമതി നല്‍കേണ്ടതുമായിരുന്നു (ഇഖ്തിലാഫുല്‍ ഹദീസ് വാ.7, പേ.174).

ചുരുക്കത്തില്‍ പര്‍ദ്ദാനിയമം വരുന്നതിന് മുമ്പ് പോലും ജുമുഅഃ ജമാഅതുകള്‍ക്ക് സംബന്ധിക്കാന്‍ നബി(സ്വ) ഒരു സ്ത്രീക്കും പ്രചോദനം നല്‍കിയിട്ടില്ല. മറിച്ച് ഒരനുമതി മാത്രം നല്‍കുകയായിരുന്നു.

അതുകൊണ്ടു തന്നെ പര്‍ദ്ദാ നിയമത്തിന് മുമ്പ് പോലും ചുരുക്കം ചില സ്ത്രീകളല്ലാതെ ജുമുഅഃ ജമാഅതിന് പുറപ്പെട്ടിരുന്നില്ലെന്നും മുസ്ലിം വനിതകളോട് ജുമുഅഃക്കും ജമാഅത്തിന്നും പങ്കെടുക്കുന്നതിലുപരി ശ്രേഷ്ഠത വീട്ടില്‍ വെച്ച് നിസ്കരിക്കുന്നതാണെന്ന് നബി(സ്വ) പറഞ്ഞുവെന്നും ഇബ്നുതൈമിയ്യഃ തന്റെ മജ്മൂഉല്‍ ഫതാവ വാ.6, പേ.458 ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

എന്നാല്‍ പിന്നെ സ്ത്രീകള്‍ പള്ളിയില്‍ പോകുന്നതിന്ന് നിങ്ങള്‍ വിലക്ക് കല്‍പിക്കരുതെന്നും അവര്‍ക്ക് അനുമതി നല്‍കണമെന്നും കുറിക്കുന്ന ഹദീസുകള്‍ക്ക് എന്ത് മറുപടി പറയും എന്നതാണ് വലിയ ആനക്കാര്യമായി ചോദിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇമാം അലാഉദ്ദീന്‍(റ) ഇതിന്ന് മറുപടി പറഞ്ഞിട്ടുണ്ട്. അതിപ്രകാരമാണ്. ഇസ് ലാമിന്റെ ആവിര്‍ഭാവ കാലത്ത് സ്ത്രീകള്‍ ജുമുഅഃക്കും ജമാഅതിന്നും സംബന്ധിച്ചിരുന്നതിനെ പരാമര്‍ശിച്ചാണത്. പിന്നീട് വീട്ടില്‍ ഒതുങ്ങിയിരിക്കാന്‍ ആജ്ഞ വന്നപ്പോള്‍ പോകാമെന്ന നിയമത്തിന്ന് പ്രാബല്യമില്ലാതായി (ബദാഇഉസ്സ്വനാഇഅ്, വാ.1, പേ.125).

ചുരുക്കത്തില്‍ പരപുരുഷന്മാര്‍ പങ്കെടുക്കുന്ന ജുമുഅഃ ജമാഅതുകള്‍ക്ക് സ്ത്രീകള്‍ പങ്കെടുക്കുന്നതില്‍ വല്ല പുണ്യവും ഉള്ളതായി ഇസ്ലാം പറയുന്നില്ല. ഇത് ബിദ്ഈ പ്രസ്ഥാന നേതാക്കള്‍ തന്നെ സമ്മതിച്ചതും സ്ത്രീകളെ രംഗത്തേക്കിറക്കാനുള്ള ശ്രമം ആധുനിക നവീന വാദികളുടെ തലയില്‍ നിന്നുടലെടുത്തതുമാകുന്നു.


RELATED ARTICLE

  • ബദര്‍ദിന ചിന്തകള്‍
  • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
  • രക്ത വിപണനവും രക്തദാനവും
  • മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ദിക്റും ദിക്റ് ഹല്‍ഖകളും
  • ഖബര്‍ സിയാറത്
  • തറാവീഹ്
  • തല്‍ഖീന്‍
  • സ്ത്രീ ജുമുഅ ജമാഅത്ത്
  • മരണപ്പെട്ടവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം
  • നിസ്കാരത്തില്‍ ഖുനൂത്
  • സ്ത്രീ പള്ളിപ്രവേശത്തിന്റെ മതവീക്ഷണം
  • നേര്‍ച്ച
  • മാസപ്പിറവി
  • ഖുത്വുബയുടെ ഭാഷ
  • കൂട്ടുപ്രാര്‍ഥന
  • ജുമുഅയും വിവാദങ്ങളും
  • ജാറങ്ങള്‍
  • അടിയന്തിരം
  • സുന്നത്ത് കുളികള്‍