Click to Download Ihyaussunna Application Form
 

 

ഖുത്വുബയുടെ ഭാഷ

ജുമുഅഃ ഖുത്വുബഃ കേവലം ഒരു പ്രസംഗമാണെന്ന ധാരണയില്‍ നിന്നാണ് ഖുത്വുബഃ പരിഭാഷാ വാദം ഉയര്‍ന്നു വന്നത്. ഇത് സംബന്ധിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്താണെന്ന് നമുക്ക് പരിശോധിക്കാം. ഉപദേശം എന്ന അര്‍ഥകല്‍പ്പന ഖുത്വുബക്ക് നല്‍കുന്നത് ഉചിതമല്ല. അല്‍മുന്‍ജിദ് എന്ന പ്രസിദ്ധമായ അറബി നിഘണ്ടുവില്‍ പോലും ഖുത്വുബക്ക് ഉപദേശിച്ചു, സന്നിഹിതരായവരുടെ മേല്‍ ഖുത്വുബഃ പാരായണം ചെയ്തു എന്നിങ്ങനെയാണ് ഭാഷാര്‍ഥം നല്‍കിയിരിക്കുന്നത്. ഭാഷയില്‍ പോലും ഖുത്വുബ കേവലം ഉപദേശമല്ലെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നുണ്ട്. ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ ഖുത്വുബഃ പൂര്‍ണമായ ഒരു ആരാധനയാണെന്നു കാണാം. ഖത്വീബു ശര്‍ബീനി (റ) ഖുത്വുബയെ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്:

“അല്ലാഹുവിനെ സ്തുതിച്ചും നബി (സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലിയും ആരംഭിച്ചു വസ്വിയ്യത്ത്, ദുആഅ് എന്നിവയാല്‍ അവസാനിപ്പിക്കപ്പെടുന്ന സംസാരം”(മുഗ്നി, 3/137).

ഇമാം ശാഫിഈ (റ) അല്‍ ഉമ്മ് എന്ന ഗ്രന്ഥത്തിലും താത്വികമായി ഈ വിശദീകരണം നല്‍കുന്നത് കാണാം. (വാ.1/179) ഖുത്വുബഃ പ്രത്യേകമായ ആരാധനയാണെന്ന് പണ്ഢിതന്മാര്‍ വ്യക്തമാക്കുന്നുണ്ട്. ‘അല്ലാഹുവിന്റെ ദിക്റിലേക്ക് നിങ്ങള്‍ വേഗത്തില്‍ പോവുക.’ എന്ന ഖുര്‍ആനിലെ ആഹ്വാനം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇമാം നവവി (റ) എഴുതുന്നു: “ബാങ്കിനു ശേഷം നിര്‍വഹിക്കപ്പെടുന്ന ദിക്റ് ഖുത്വുബയാകുന്നു” (ശര്‍ഹുല്‍ മുഹദ്ദബ്, 4/513).

ഇമാം ബുഖാരി (റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസിലെ ഒരു പരാമര്‍ശം ഇപ്രകാരമാണ്. ‘മലകുകള്‍ അവരുടെ ഏടുകള്‍ ചുരുട്ടുകയും ദിക്റ് ശ്രദ്ധിക്കാന്‍ വേണ്ടി ഇരിക്കുകയും ചെയ്യും’ (ബുഖാരി 1/127). ഇവിടെയും ദിക്റ് കൊണ്ട് ഉദ്ദേശ്യം ഖുത്വുബയാണെന്നു വ്യക്തം.

ഇബ്നു ഹജര്‍ (റ) എഴുതുന്നു: “നിശ്ചയം ഖുത്വുബഃ ഒരു ആരാധനയാണ്. അല്ലാഹു വിനെ അതില്‍ പറയല്‍ ആവശ്യമായിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്റെ റസൂലിനെ പറയലും അതില്‍ ആവശ്യമായി” (തുഹ്ഫഃ 2/446).

ഇതേ അഭിപ്രായം ഇബ്നു കസീറും രേഖപ്പെടുത്തിയിട്ടുണ്ട്. ഖുത്വുബയെ കേവലം ഒരു പ്രസംഗമായിക്കാണുന്ന പരിഭാഷാവാദികളുടെ നയം വികലമാണെന്ന് പ്രമാണങ്ങള്‍ തെളിയിക്കുന്നു. മേല്‍ വിശദീകരണത്തില്‍ ഇത് വ്യക്തമാണ്. ഈ വാദത്തിന് ഖുര്‍ആ ന്റെയും സുന്നത്തിന്റെയും പിന്തുണയില്ല. ആഗോള മുസ്ലിംകള്‍ ഏകകണ്ഠമായി അം ഗീകരിച്ചതായിരുന്നു ഖുത്വ്വുബഃ അറബിയിലായിരിക്കണമെന്നത്. ഇതിനെതിരെ ആദ്യ മായി രംഗത്തുവന്നത് തുര്‍ക്കിയിലെ കമാല്‍പാഷ എന്ന ഭരണാധികാരിയാണ്. പരിഭാ ഷാവാദികളുടെ ആചാര്യനായ റശീദ് രിള തന്റെ തഫ്സീറുല്‍ മനാറില്‍ ഇക്കാര്യം രേഖ പ്പെടുത്തിയിട്ടുണ്ട്.

“ജുമുഅഃ, പെരുന്നാള്‍ ഖുത്വുബകള്‍ തുര്‍ക്കി ഭാഷയില്‍ നിര്‍വഹിക്കാന്‍ കമാല്‍പാഷ ഉത്തരവിട്ടു. ഇസ്ലാമിന്റെ പിരടി ഒടിച്ചുകളയാനുള്ള നീക്കമായിരുന്നു ഇത്. തുര്‍ക്കി യിലെ മുസ്ലിംകള്‍ ഈ പുത്തന്‍ ഖുത്വുബയില്‍ അങ്ങേയറ്റം പ്രതിഷേധിക്കുകയും അത് നിര്‍വഹിച്ച ഖത്വീബുമാരെ പരിഹസിക്കുകയും ചെയ്തു”(തഫ്സീറുല്‍ മനാര്‍, വാ. 9, പേ. 313).

കമാല്‍പാഷക്കു മുമ്പ് മുസ്ലിം ചരിത്രത്തില്‍ ഖുത്വുബഃ പരിഭാഷ ഉണ്ടായിരുന്നില്ലെന്നു റശീദ്രിളയുടെ ഈ വരികളില്‍ നിന്നു വ്യക്തമാകുന്നു. അദ്ദേഹത്തില്‍ നിന്ന് ആദര്‍ശം പഠിച്ച ഖുത്വുബഃ പരിഭാഷാ വാദിയായ കെ.എം മൌലവി ഇക്കാര്യം കുറച്ചുകൂടി വ്യക്ത മായി വിശദീകരിക്കുന്നുണ്ട്.

“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സല ഫുസ്സ്വാലിഹുകള്‍, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുത്വുബഃ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകള്‍ അതിന്റെ റുക്നുകള്‍, തവാ ബിഉകള്‍ ഉള്‍പ്പെടെ അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത്. കാരണം മുസ്ലിം കള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” (അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ)

ഖുത്വുബഃ പരിഭാഷ നിഷിദ്ധമാകാന്‍ പ്രധാന കാരണം അത് വിശ്വാസികള്‍ നാളിതുവരെ തുടര്‍ന്നുവന്ന മാര്‍ഗത്തിനു വിരുദ്ധമാകുന്നു എന്നതാണ്. മുഅ്മിനുകളുടേതല്ലാത്ത മാര്‍ഗം പിന്‍പറ്റുന്നവര്‍ നരകത്തില്‍ എത്തിച്ചേരുമെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. വിശ്വാസികളുടേതല്ലാത്ത മാര്‍ഗം അവലംബിക്കുന്നതു നിഷിദ്ധമാണെന്ന് ഇമാം റാസി തന്റെ തഫ്സീര്‍ 11/44 ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

നബി (സ്വ) യും അവിടുത്തെ പിന്‍പറ്റിയ മുസ്ലിംകളും ഖുത്വുബഃ അറബിയില്‍ നിര്‍വഹിച്ചുവെന്ന് പ്രമാണങ്ങള്‍ തെളിയിക്കുമ്പോള്‍ മറ്റൊരുകാര്യം കൂടി നാം ശ്രദ്ധി ക്കണം. ഏതൊരു ഇബാദത്തിലും സാധാരണഗതിയില്‍ നബി (സ്വ) യുടെ ഇത്തിബാ ഇനെ അവലംബമാക്കല്‍ നിബന്ധനയാണ്. ജുമുഅഃ ഖുത്വുബയും ഇതില്‍ നിന്ന് വ്യത്യ സ്തമല്ല. ഖുത്വുബയില്‍ അറബി ഭാഷ നിബന്ധനയാണെന്നും ഇത് ജനങ്ങള്‍ തുടര്‍ന്നു വന്ന സമ്പ്രദായത്തോട് പിന്‍പറ്റാന്‍ വേണ്ടിയാണെന്നും എല്ലാ കര്‍മശാസ്ത്രപണ്ഢി തന്മാരും വ്യക്തമാക്കിയതായി കാണാം. ചില പ്രസ്താവനകള്‍ വായിക്കുക.

“ഖുത്വുബ മുഴുവന്‍ അറബിയിലായിരിക്കല്‍ നിബന്ധനയാണ്. മുന്‍ഗാമികളും (സലഫ്) പിന്‍ഗാമികളും (ഖലഫ്) ഇപ്രകാരമാണ് പ്രവര്‍ത്തിച്ചത്” (മഹല്ലി, 1/278) “ജനങ്ങള്‍ ആ രീതി തുടര്‍ന്നതുകൊണ്ട്.” (ശര്‍ഹുല്‍കബീര്‍ 4/579) “മുന്‍ഗാമികളെയും പിന്‍ഗാമിക ളെയും പിന്തുടരാന്‍ വേണ്ടി” (ഫത്ഹുല്‍ മുഈന്‍, പേ. 141, നിഹായഃ 2/317).

നബി (സ്വ) യുടെ സുന്നത്ത് പരിശോധിച്ചാലും വ്യക്തമാകുന്നത് ഖുത്വുബഃ അറബിയിലായിരിക്കണം എന്നാണ്. ‘ഞാന്‍ നിസ്കരിക്കുന്നതുപ്രകാരം നിങ്ങള്‍ നിസ് കരിക്കുവീന്‍’ എന്ന നബി (സ്വ) യുടെ പ്രസ്താവന ഖുത്വുബക്കും ബാധകമാണ്. ഖുത്വുബഃ എല്ലാ അര്‍ഥത്തിലും നിസ്കാരം പോലെ അല്ലെങ്കിലും നിസ്കാരത്തോട് അതിന് തുല്യതയുണ്ട്. ബുഖാരിയില്‍ത്തന്നെ ജുമുഅഃ സമയത്ത് കച്ചവടസംഘം വരികയും ആളുകള്‍ എഴുന്നേറ്റ് പോവുകയും ചെയ്ത സംഭവത്തെ പരാമര്‍ശിക്കുന്ന ഹദീസില്‍ ‘ഞങ്ങള്‍ നിസ്കരിച്ചു കൊണ്ടിരിക്കെ’ എന്നാണ് പറഞ്ഞത്. വാസ്തവത്തില്‍ അപ്പോള്‍ നബി (സ്വ) ഖുത്വുബഃ നിര്‍വഹിക്കുകയായിരുന്നു. ഖുത്വുബയെ സംബന്ധിച്ചാണ് ഈ ഹദീസില്‍ നിസ്കാരമെന്ന് പ്രയോഗിച്ചതെന്ന് വ്യക്തം. ഖുത്വുബഃ നിസ്കാരം പോലെയാണെന്ന് ആധികാരിക ഫിഖ്ഹ് ഗ്രന്ഥങ്ങളും വ്യക്തമാക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക.

“തീര്‍ച്ചയായും ഖുതുബയും നിസ്കാരവും ജംആയി നിര്‍വഹിക്കപ്പെടുന്ന രണ്ടു നിസ്കാരങ്ങള്‍ക്ക് തുല്യമാണ്.” (തുഹ്ഫഃ 2/457) “ഏറ്റവും സ്വഹീഹായ അഭിപ്രായ പ്ര കാരം ഖുത്വുബഃ നിസ്കാരത്തോട് തുല്യമാണ്” (ശര്‍വാനി, 2/458).

ഖുത്വുബഃ യില്‍ കഴിവുള്ളവന്‍ നില്‍ക്കല്‍ നിബന്ധനയാണെന്നതിന് തെളിവായി ഇമാം ശാഫിഈ (റ) ഉദ്ധരിക്കുന്നു: “ഞാന്‍ എപ്രകാരം നിസ്കരിക്കുന്നതാണോ നിങ്ങള്‍ ക ണ്ടത് അപ്രകാരം നിസ്കരിക്കുക എന്ന ഹദീസാണ്” (ശര്‍ഹുമുസ്ലിം 6/150). (ഖുത്വു ബയും നിസ്കാരവും തുല്യമാണെന്നു സാരം) “തീര്‍ച്ചയായും ഖുത്വുബ നിസ്കാര ത്തോട് തുല്യമായതാണ്. അഥവാ നിസ്കാരത്തിനു പകരമാണ്” (തുഹ്ഫഃ 2/458).

ഖുത്വുബഃ നിസ്കാരത്തോട് തുല്യമാകുമ്പോള്‍ ഇബാദത്തിലെ പൊതുനിയമം ഇതിനും കൂടി ബാധകമാകുമല്ലോ. നബി (സ്വ) യോടുള്ള ഇത്തിബാഅ് ഖുത്വുബയിലും പരിഗണിക്കണമെന്ന് ചുരുക്കം. ഖുത്വുബ പരിഭാഷാവാദികള്‍ ഉന്നയിക്കുന്ന ചില ചോദ്യങ്ങള്‍ നമുക്കു വിശകലനം ചെയ്യാം.

ചോദ്യം: നബി(സ്വ)യും സ്വഹാബത്തും ഖുതുബക്ക് അറബിഭാഷ പ്രത്യേകം തിരഞ്ഞെടുത്തിരുന്നോ?

മറുപടി: അതെ. നബി (സ്വ) യുടെ സ്വഹാബികളില്‍ പലരും അനറബി രാജ്യങ്ങളില്‍ ഖുത്വുബഃ നിര്‍വഹിച്ചപ്പോഴും പ്രാദേശിക ഭാഷക്കു പകരം അറബി മാത്രമാണ് ഉപയോഗിച്ചത്. കെ.എം മൌലവി തന്റെ ഫത്വയില്‍ ഇത് വ്യക്തമാക്കിയത് മുമ്പ് ഉദ്ധരിച്ചിട്ടുണ്ട്.

ചോദ്യം: നബി (സ്വ) മറ്റ് പ്രസംഗങ്ങളിലും ഉപദേശങ്ങളിലും അറബി തന്നെയാണല്ലോ ഉപയോഗിച്ചിരുന്നത്. നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തതും അറബിയില്‍ തന്നെയായിരുന്നു. ഇവയിലെല്ലാം തന്നെ അനറബിഭാഷ ഉപയോഗിക്കല്‍ പുത്തനാശയമല്ലെങ്കില്‍ ഖുത്വുബയില്‍ മാത്രം അതെങ്ങനെയാണ് പുത്തനാശയമാവുക?

മറുപടി: ഖുത്വുബഃ കേവലം ഒരു പ്രസംഗമോ ഉപദേശമോ അല്ല. മുഖയ്യദായ (കുറേ നിബന്ധനകള്‍ ഉള്ള) ആരാധനയാണ്. മതപ്രസംഗം പോലുള്ളവ മുത്വ്ലഖായ (പ്രത്യേക നിബന്ധനകള്‍ ഇല്ലാത്ത) ആരാധനയാണ്. ഖുത്വുബയുടെ നിര്‍വചനത്തില്‍ നിന്ന് ഇത് വ്യക്തമാണ്. ഖുത്വുബക്ക് കുറേ ഫര്‍ളുകളും ശര്‍ത്വുകളും ഉള്ളതില്‍ ഒന്നാണ്, അത് അറബിയിലായിരിക്കണം എന്നത്. ഈ നിബന്ധന പാലിക്കുമ്പോഴേ ഖുത്വുബഃ സാധു വാകുകയുള്ളൂ. നിസ്കാരത്തിലെ തക്ബീര്‍, അത്തഹിയ്യാത്ത് തുടങ്ങിയവക്കു തുല്യ മാണ് ഖുത്വുബഃ എന്ന് പോലും ചില പണ്ഢിതന്മാര്‍ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് തക്ബീറും അത്തഹിയ്യാത്തും അറബിയിലായിരിക്കല്‍ നിര്‍ബന്ധമായതുപോലെ ഖുത്വു ബയും അറബിയിലാകല്‍ നിര്‍ബന്ധമാകുന്നു. ശറഹുല്‍മുഹദ്ദബ് (2/440), ഇബ്നു കസീര്‍ (3/514), മുഗ്നി (1/287) എന്നീ ഗ്രന്ഥങ്ങള്‍ നോക്കുക.).

സാന്ദര്‍ഭികമായി ഒരു കാര്യം കൂടി മാന്യവായനക്കാര്‍ ശ്രദ്ധിക്കുക. ഖുര്‍ആനും സുന്ന ത്തും പിന്‍പറ്റാന്‍ നാഴികക്കു നാല്‍പ്പതു വട്ടം ആഹ്വാനം ചെയ്യുകയും ഞങ്ങളുടെ റോള്‍മോഡല്‍ പ്രവാചകാനാണെന്ന് പറയുകയും ചെയ്യുന്നവരോട് അറബിയല്ലാത്ത ഭാ ഷയില്‍ ഖുത്വൂബ നിര്‍വ്വഹിക്കുന്നതിന് ഒരു ഖുര്‍ആന്‍ വാക്യമോ ഹദീസോ തെളി വായി കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അവരുടെ പ്രതികരണം വിലയിരുത്തുകയും ചെയ്യുക. ഖുര്‍ആനും സുന്നത്തും ഉപേക്ഷിച്ച് തങ്ങളുടെ സ്വന്തം യുക്തിയിലേക്ക് അവര്‍ മടങ്ങുന്നത് നിങ്ങള്‍ക്കു കാണാം.


RELATED ARTICLE

 • ബദര്‍ദിന ചിന്തകള്‍
 • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
 • രക്ത വിപണനവും രക്തദാനവും
 • മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ദിക്റും ദിക്റ് ഹല്‍ഖകളും
 • ഖബര്‍ സിയാറത്
 • തറാവീഹ്
 • തല്‍ഖീന്‍
 • സ്ത്രീ ജുമുഅ ജമാഅത്ത്
 • മരണപ്പെട്ടവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം
 • നിസ്കാരത്തില്‍ ഖുനൂത്
 • സ്ത്രീ പള്ളിപ്രവേശത്തിന്റെ മതവീക്ഷണം
 • നേര്‍ച്ച
 • മാസപ്പിറവി
 • ഖുത്വുബയുടെ ഭാഷ
 • കൂട്ടുപ്രാര്‍ഥന
 • ജുമുഅയും വിവാദങ്ങളും
 • ജാറങ്ങള്‍
 • അടിയന്തിരം
 • സുന്നത്ത് കുളികള്‍