Click to Download Ihyaussunna Application Form
 

 

നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (4)

ഖുനൂത് ഓതല്‍

സ്വുബ്ഹ് നിസ്കാരത്തിന്റെ രണ്ടാം റക്അതിലെ ഇഅ്തിദാലില്‍ ഖുനൂത് ഓതല്‍ സുന്നത്താകുന്നു, അബൂഹുറൈറഃ (റ) യില്‍ നിന്ന് നിവേദനം, നബി (സ്വ) സ്വുബ്ഹ് നിസ്കാരത്തിലെ അവസാന റക്അതിലെ റുകൂഇല്‍ നിന്നുയര്‍ന്നാല്‍ ഖുനൂത് ഓതാറുണ്ടായിലുന്നു.(ഇബ്നു നസ്വ്റ്). അനസ് (റ) പറയുന്നു, നബി (സ്വ) ഇഹലോകം വെടിയുന്നത് വരെ സ്വുബ്ഹില്‍ ഖുനൂത് ഓതിയിരുന്നു (അഹ്മദ്,ബൈഹഖി). മുഹമ്മദ്ബ്നു സീരീനില്‍ നിന്ന് നിവേദനം, അദ്ദേഹം അനസ് ബ്നു മാലികി (റ) നോടു ചോദിച്ചു. നബി(സ്വ) സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതിയിരുന്നോ? അദ്ദേഹം പറഞ്ഞു. അതെ, റുകൂഇന് ശേഷം അല്‍പം.

സ്വുബ്ഹ് നിസ്കാരത്തിന് പുറമെ റമളാനിലെ അവസാനത്തെ പകുതിയിലുള്ള വിത്റ് നിസ്കാരത്തിലും ഖുനൂത് സുന്നത്താകുന്നു. മുസ്ലിംകള്‍ക്ക് പൊതുവായ വിപത്ത് സംഭവിച്ചാല്‍ അഞ്ച് വഖ്ത് നിസ്കാരങ്ങളിലും ഖുനൂത് സുന്നത്താണ്.

സുജൂദ്

നിസ്കാരത്തിലെ പ്രധാനപ്പെട്ട ഒരു ഫര്‍ളാണ് സുജൂദ്. ഇഅ്തിദാലില്‍ നിന്ന് തക്ബീര്‍ ചൊല്ലി വിനയവും വണക്കവുമെല്ലാം അതിന്റെ പാരമ്യതയില്‍ എത്തുന്ന സുജൂദിലേക്ക് നീങ്ങാനുള്ള ഖുര്‍ആന്റെ ആഹ്വാനം ശ്രദ്ധിക്കൂ.“നീ രക്ഷിതാവിനെ പ്രശംസ കൊണ്ട് വാഴ്ത്തുകയും സുജൂദ് ചെയ്യുന്നവരില്‍ പെടുകയും ചെയ്യുക, മരണം ആഗതമാകും വരെ നീ നിന്റെ നാഥനെ ആരാധിക്കുക” (ഹിജ്റ്-98‏‏-99). ഇനിയും ഖുര്‍ആനില്‍ പല സ്ഥലങ്ങളില്‍ സുജൂദിന്റെ സ്ഥാനവും ഫലങ്ങളും പ്രതിപാദിച്ചതായി കാണാം. നബി (സ്വ) പറയുന്നു, പിന്നെ അനക്കം അടങ്ങും വിധത്തില്‍ സുജൂദ് ചെയ്യുക (ബുഖാരി).

സുജൂദില്‍ ഏഴ് അവയവങ്ങള്‍ നിലത്ത് വെക്കണം, ഇബ്നു അബ്ബാസി (റ) ല്‍ നിന്നുള്ള നിവേദനത്തില്‍ കാണാം. നബി (സ്വ) പറഞ്ഞു: “ഏഴ് അസ്ഥികളുടെ മേല്‍ സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. നെറ്റി (ഇത് പറയുമ്പോള്‍ അവിടുന്ന് മൂക്കിന്റെ നേരെ ചൂണ്ടി) രണ്ടു കൈകള്‍, രണ്ടുകാല്‍ മുട്ടുകള്‍, രണ്ട് പാദങ്ങളുടെ അഗ്രങ്ങള്‍ എന്നിവയുടെ മേലില്‍”‏(ബുഖാരി മുസ്ലിം).

മൂക്ക് വെക്കല്‍ നിര്‍ബന്ധമില്ലെങ്കിലും സുന്നത്താണ്. നബി (സ്വ) മൂക്കും നെറ്റിയും സുജൂദില്‍ അ മര്‍ത്തിവെച്ചിരുന്നു എന്ന് ഹദീസിലുണ്ട്. മാത്രമല്ല, കഠിനമായ ചൂട് കാരണം നെറ്റിയും കൈകളും നിലത്ത് വെക്കാനുള്ള പ്രയാസം നബി (സ്വ) യെ അറിയിച്ചപ്പോള്‍ അവിടുന്ന് ആ പരാതി സ്വീകരിച്ചില്ല എന്ന് ഖബ്ബാബ് (റ) വില്‍ നിന്ന് ഇമാം ബൈഹഖി (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ടവ്വല്‍, നീണ്ട മുടി തുടങ്ങിയവ കൊണ്ട് നെറ്റി മറഞ്ഞാല്‍ സുജൂദ് സാധുവാകുകയില്ല, ബൈഹഖിയുടെ നിവേദനത്തിലെ സംഭവം ഉദ്ധരിച്ച് ഇമാം നവവി (റ) പറയുന്നു. “നെറ്റി മറക്കാന്‍ പറ്റുമായിരുന്നെങ്കില്‍ നബി (സ്വ) അവര്‍ക്ക് സമ്മതം കൊടുക്കുമായിരുന്നു. പക്ഷേ, നബി (സ്വ) അവരെ നെറ്റി മറക്കാന്‍ അനുവദിച്ചിട്ടില്ല (ശറഹുല്‍ മുഹദ്ദബ് 3/423). സുജൂദില്‍ ആദ്യം നിലത്തു വെക്കേണ്ടത് കാല്‍ മുട്ടുകളാണ്, പിന്നെ കൈകളും മുഖവും, മുഖം കൈകള്‍ക്ക് മുമ്പോ, കൈകള്‍ കാല്‍മുട്ടുകള്‍ക്ക് മുമ്പോ വെക്കല്‍ കറാഹത്താണ്. അങ്ങനെ ചെയ്ത് പോയാല്‍ മാറ്റി വീണ്ടും ചെയ്യേണ്ടതില്ല. അത് കാരണം സഹ്വിന്റെ സുജൂദുമില്ല (അല്‍:ഉമ്മ് 1‏/98).

വിരലുകള്‍ ചേര്‍ത്തി നിവര്‍ത്തി വെക്കുകയായിരുന്നു നബിചര്യ. കാല്‍ വിരലുകളും കൈവിരലുകളും ഖിബ്ലക്ക് നേരെയാക്കലും സുന്നത്തു തന്നെയാണ്, അരക്കെട്ട് തലയേക്കാള്‍ ഉയര്‍ന്ന് നില്‍ക്കല്‍ സുജൂദിന്റെ ശര്‍ത്വാകുന്നു. ബറാഅ് (റ) നബി (സ്വ) യുടെ നിസ്കാരം വര്‍ണ്ണിക്കുന്നത് നോക്കൂ. നബി (സ്വ) കൈ നിലത്ത് വെക്കുകയും മുട്ടുകളില്‍ ഊന്നുകയും അരക്കെട്ട് ഉയര്‍ത്തുകയും ചെയ്തിരുന്നു (നസാഇ). താന്‍ ചവിട്ടി മെതിച്ച് നടക്കുന്ന നിസ്സാരമായി കാണുന്ന മണ്ണില്‍ തന്റെ വളരെ പ്രധാനമായ അവയവങ്ങളും തന്റെ ഓജസ്സും യശസും പ്രകടമാവുന്ന നെറ്റിയും മുഖവും വെക്കുന്ന വിശ്വാസി ആ സമയത്ത് തന്റെ യജമാനനുമായി ഏറ്റവും അടുത്തിരിക്കുകയാണ്, അത് കൊണ്ടുതന്നെ ഉന്നതനായ എന്റെ റബ്ബിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു എന്നര്‍ഥമുള്ള തസ്ബീഹ് നബി (സ്വ) യടക്കം പൂര്‍വ്വികരും മുസ്ലിം ലോകവും ചൊല്ലി വരുന്നു. ഏറ്റവും കുറഞ്ഞത് ഒരു തസ്ബീഹാകുന്നു, ത്വുമഅ്നീനത് (അടങ്ങിതാമസിക്കല്‍) ന്റെ സമയം ലഭിക്കാനാണ് ഇത്. എന്നാല്‍ മൂന്നില്‍ കുറയാതിരിക്കലാണ് ഉത്തമം.

തസ്ബീഹിന് പുറമെ സുജൂദില്‍ ഇഷ്ടമുള്ള ദുആകള്‍ കൂടി സുന്നത്താകുന്നു, കാരണം മുസ്ലിമി (റ) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാള്‍ തന്റെ നാഥനുമായി ഏറ്റവും അടുക്കുന്നത് അവന്റെ സുജൂദിലാകുന്നു, അത് കൊണ്ട് സുജൂദില്‍ കൂടുതല്‍ ദുആ ചെയ്യുവിന്‍.

അല്ലാഹുവോട് ഏറ്റവും അടുത്തു നില്‍ക്കാന്‍ വിശ്വാസിക്ക് ലഭിക്കുന്ന മുഹൂര്‍ത്തമാണു സുജൂദ്. അവനോടു കരളുരുകി മനം നൊന്തു ബാഷ്പകണങ്ങളൊഴുക്കി ശുഭ പ്രതീക്ഷയോടെ വിശ്വാസി നടത്തുന്ന പ്രാര്‍ഥന. ഭൌതികമായ എല്ലാ തടവറകളെയും ഭേദിച്ചു സ്രഷ്ടാവിനോടുള്ള പരമമായ വിധേയത്വം പ്രകടിപ്പിക്കുവാന്‍ അവസരം ലഭിക്കുന്ന ഹൃദയ സ്പക്കായ നിമിഷം. മണ്ണിലേക്കു മുഖം അമര്‍ത്തി തന്റെ നിന്ദതയും സ്രഷ്ടാവിന്റെ ഔന്നത്യവും മാലോകരുടെ മുമ്പാകെ പ്രഖ്യാപിക്കുന്ന വേള. മുഖം മണ്ണിലും മനസ്സ് ദൈവ സന്നിധിയിലും വിഹരിച്ചു അഗാധമായ ദൈവീകാനുഗ്രഹത്തിന്റെ മേലാപ്പു കൊണ്ട് സ്വശരീരത്തെ പുതച്ചലങ്കരിക്കുന്ന വിശ്വാസി, കര്‍മ്മ പഥത്തിലിറങ്ങി എല്ലാ ഭൌതിക ശക്തികളേയും നേരിടുന്നു. സ്രഷ്ടാവിന്റെ വ്യവസ്ഥിതി നടപ്പാക്കുവാന്‍ ഇച്ഛകളോടും ഇസങ്ങളോടുമവന്‍ പൊരുതുന്നു. ജീര്‍ണതകള്‍ക്കു നേരെ അവനാക്രോശിക്കുന്നു. ദൈവീക വണക്കത്തിന്റെ പരമാനന്ദത്തിലവന്‍ ആത്മനിര്‍വൃതിയടയുന്നു.

ഇരുത്തം

ഓരോ റക്അത്തിലും മേല്‍ പറഞ്ഞ നിബന്ധനകള്‍ മുഴുവന്‍ പാലിച്ചുകൊണ്ട് രണ്ട് സുജൂദ് ചെയ്യല്‍ നിര്‍ബന്ധമാണ്. നിസ്കാരത്തിന്റെ അടുത്ത ഫര്‍ള് രണ്ട് സുജൂദുകള്‍ക്കിടയിലുള്ള ഇരു ത്തമാണ്. ഒന്നാം സുജൂദില്‍ നിന്ന് തക്ബീര്‍ ചൊല്ലി ഈ ഇരുത്തത്തിലേക്ക് പ്രവേശിക്കണം, ഇടതു കാല്‍ പാദം പരത്തിവെച്ച് അതിന്മേലാണ് ഇരിക്കേണ്ടത്, വലത്തെ കാലിന്റെ വിരലുകളുടെ പള്ള നിലത്ത് തട്ടും വിധം വലത് കാല്‍ നാട്ടിവെക്കുകയാണ് വേണ്ടത്, സുന്നത്തായ രൂപം ഇങ്ങനെയാണ്, ഇതിന് ‘ഇഫ്തിറാഷ്’ന്റെ ഇരുത്തം എന്നാണ് പറയുക.

ഒന്നാം റക്അത്തിലെ രണ്ടാം സുജൂദിന് ശേഷം രണ്ടാം റക്അത്തിലേക്ക് എഴുന്നേല്‍ക്കുന്നതിന് മുമ്പും അതു പോലെ നാലാം റക്അത്തിലേക്ക് ഉയരുന്നതിന് മുമ്പും സുന്നത്തായ ഹ്രസ്വമായ ഇസ്തിറാഹ: അഥവാ വിശ്രമത്തിന്റെ ഇരുത്തത്തിലും ആദ്യത്തെ അത്തഹിയ്യാത്തിന് വേണ്ടിയുള്ള ഇരുത്തത്തിലും ഇഫ്തിറാഷിന്റെ രൂപമാണ് നബിചര്യ.

സ്രഷ്ടാവിനെ സുജൂദില്‍ ആവും വിധം വാഴ്ത്തുകയും തന്റെ നിന്ദ്യതയും കഴിവ്കേടുമെല്ലാം അവന്റെ മുമ്പില്‍ സമ്മതിക്കുകയും ചെയ്ത അടിമ വീണ്ടും അത് പോലെ റബ്ബിനെ പുകഴ്ത്താനും അവന്റെ മുമ്പില്‍ മുഖം കുനിക്കാനും ഒരുങ്ങും മുമ്പ് തന്റെ ഭൌതികവും പാരത്രികവുമായ വിജയത്തിന് വേണ്ടി ദുആ ചെയ്യാനുള്ള അവസരമാണ് ഇത്. ഹദീസുകളില്‍ വന്ന നിരവധി പ്രാര്‍ഥനകള്‍ ഈ സമയത്ത് ചെയ്യാനുണ്ട്.

എന്റെ രക്ഷിതാവെ, എനിക്ക് പാപങ്ങള്‍ പൊറുത്ത് തരികയും എന്നോട് കരുണ ചെയ്യുകയും എന്റെ കാര്യങ്ങള്‍ പരിഹരിക്കുകയും എനിക്ക് ഭക്ഷണം നല്‍കുകയും എന്നെ സന്മാര്‍ഗത്തിലാക്കുകയും സുഖം നല്‍കുകയും ചെയ്യണമേ…എന്ന് അര്‍ഥമുള്ള പ്രാര്‍ഥന ഇഫ്തിറാഷിന്റെ ഇരുത്തത്തില്‍ നബി (സ്വ) ചെയ്തതായി ഹദീസില്‍ കാണാവുന്നതാണ്.

ഈ ഇരുത്തത്തില്‍ നിന്നും വിരമിക്കലോടുകൂടി വീണ്ടും തക്ബീര്‍ ചൊല്ലി രണ്ടാമത്തെ സുജൂദിലേക്ക് പോകണം. രണ്ടാം സുജൂദില്‍നിന്ന് വിരമിക്കുന്നതോടെ ഒരു റക്അത്ത് പൂര്‍ണമായി.


RELATED ARTICLE

  • നിസ്കാരത്തിന്റെ നിബന്ധനകള്‍
  • പെരുന്നാള്‍ നിസ്കാരം
  • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
  • തറാവീഹ് : ജല്‍പ്പനവും മറുപടിയും
  • എട്ട് റക്’അത് നിഷ്ഫലം
  • രേഖകള്‍ ഇരുപതിനു തന്നെ
  • തറാവീഹിന്റെ റക്’അതുകള്‍
  • തറാവീഹിലെ ജമാ’അത്
  • തറാവീഹ് നിസ്കാരം
  • തസ്ബീഹ് നിസ്കാരം
  • നിസ്കാരത്തില്‍ ഖുനൂത്
  • തഹജ്ജുദ് നിസ്കാരം
  • കൂട്ടുപ്രാര്‍ഥന
  • ഖുനൂത്
  • തറാവീഹ്
  • സുന്നത് നിസ്കാരങ്ങള്‍
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (6)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (5)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (4)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (3)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (2)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (1)
  • കൈ കെട്ടല്‍
  • നിസ്കാരത്തിന്റെ ഫലങ്ങള്‍
  • നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകള്‍
  • നിസ്കാരം പൂര്‍വ സമുദായങ്ങളില്‍
  • നിസ്കാരം ഒഴുകുന്ന നദി
  • ജംഉം ഖസ്‌റും