Click to Download Ihyaussunna Application Form
 

 

നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (3)

5 )റുകൂഅ് ചെയ്യല്‍

നിസ്കാരത്തിന്റെ അഞ്ചാമത്തെ ഫര്‍ളാണ് റുകൂഅ് ചെയ്യല്‍. നിറുത്തത്തില്‍ സ്രഷ്ടാവിനെ ആവോളം പുകഴ്ത്തുകയും അവന്റെ മുമ്പില്‍ ആവശ്യങ്ങളെല്ലാം സമര്‍പ്പിക്കുകയും അതിലുപരി തന്റെ ശാശ്വത വിജയത്തിന്റെ നിദാനമായ ഹിദായത്ത് (സന്മാര്‍ഗം) ലഭ്യമാകാനും ആ പാതയില്‍ തന്നെ സ്ഥിരപ്പെടുത്താനുമായി ആത്മാര്‍ഥമായി തേടിയ ശേഷം, യജമാനന്റെ മുമ്പില്‍ അവന്‍ കല്‍പിച്ച പ്രകാരം കുമ്പിടുകയാണ്. “വിശ്വാസികളെ, നിങ്ങള്‍ റകൂഉം സുജൂദും ചെയ്യുക, നിങ്ങള്‍ നാഥനെ ആരാധിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക, നിങ്ങള്‍ വിജയിക്കാന്‍ വേണ്ടി”എന്ന സൂറതുല്‍ ഹജ്ജ് 66-‏ാ മത്തെ സൂക്തം റുകൂഇന്റെ നിര്‍ബന്ധത്തെ വിളിച്ചറിയിക്കുന്നു.

രണ്ടു കൈകള്‍ കാല്‍ മുട്ടുകളില്‍ എത്തുന്ന വിധം കുനിയുക മാത്രമാണ് റുകൂഇല്‍ നിര്‍ബന്ധമുള്ളത്, ഉള്ളന്‍ കൈ കൊണ്ട് മുട്ടുകാല്‍ പിടിക്കല്‍ നിര്‍ബന്ധമില്ലെങ്കിലും റുകൂഇന്റെ പരിപൂര്‍ണതക്ക് ഇത് കൂടി സുന്നത്താകുന്നു. എന്നാല്‍ ഒരു നിമിഷമെങ്കിലും റുകൂഇല്‍ അടങ്ങി താമസിക്കല്‍ ഫര്‍ളാണ്..

ഇബ്നു അബ്ബാസ് (റ) ല്‍ നിന്ന് നിവേദനം:“റുകൂഇലും സുജൂദിലും ഖുര്‍ആന്‍ പാരായണം വിലക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ റുകൂഇല്‍ നാഥനെ വന്ദിക്കുക, സുജൂദില്‍ പ്രാര്‍ഥന ശക്തമാക്കുകയും ചെയ്യുക.നിങ്ങള്‍ക്ക് ഉത്തരം ചെയ്യാന്‍ ബന്ധപ്പെട്ട സ്ഥാനമാകുന്നു അത്”(മുസ്ലിം). റുകൂഇല്‍ തസ്ബീഹ് ചൊല്ലല്‍ സുന്നത്താണെന്നതിന് ഈ ഹദീസ് തെളിവായി പണ്ഢിതന്മാര്‍ ഉദ്ധരിക്കുന്നു.

അലി (റ) പറയുന്നു. നബി (സ്വ) റുകൂഇല്‍ ഇങ്ങനെ പറയുമായിരുന്നു.“അല്ലാഹുവെ, നിനക്കു ഞാന്‍ കുമ്പിട്ടു, നിന്നില്‍ ഞാന്‍ വിശ്വസിച്ചു, നിനക്കു ഞാന്‍ കീഴടങ്ങി, നീ എന്റെ നാഥനാകുന്നു, എന്റെ കണ്ണും കാതും മജ്ജയും അസ്ഥിയും ഞരമ്പും എന്റെ പാദം വഹിച്ചിട്ടുള്ള സര്‍വ്വതും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനു കീഴ്പ്പെട്ടിരിക്കുന്നു”

6 ) ഇഅ്തിദാല്‍

റുകൂഇല്‍ നിന്ന് ഉയര്‍ന്ന് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുക എന്നതാണ് ഇഅ്തിദാല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്, നിസ്കാരത്തിന്റെ മറ്റൊരു ഫര്‍ളായ ഇതും മൂന്നാമത്തെ ഫര്‍ളായ ഖിയാമും തമ്മില്‍ വ്യത്യാസമുണ്ടെന്നത് പേര് കൊണ്ട് തന്നെ ബോധ്യപ്പെടുന്നതാണ്, മുതുക് നേരയാകും വരെ നി വര്‍ന്ന് നിന്നാലെ നബിചര്യ പാലിച്ചവനാകൂ. അബൂ ഹുമൈദിനിസ്സാഇദി (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍, നബി (സ്വ) യുടെ മുതുകെല്ലു നിവരുംവരെ നിവര്‍ന്നിരുന്നു എന്ന് കാണാവുന്നതാണ്.

രണ്ട് കൈകളും ചുമലിനു നേരെ ഉയര്‍ത്തുകയും അതോടൊപ്പം തല ഉയര്‍ത്തി സമി’അല്ലാഹു ലിമന്‍ ഹമിദഹു എന്ന് പറയുകയും നിറുത്തം നേരെയായാല്‍ കൈ താഴ്ത്തുകയും വേണം, ശേഷം ഇഅ്തിദാലില്‍ നബി (സ്വ) ചൊല്ലിയതായി ഹദീസില്‍ വന്ന ഏതെങ്കിലും ദിക്റ് ചൊല്ലുകയും ചെ യ്യുക, ഇതാണ് ഇഅ്തിദാലിന്റെ പൂര്‍ണരൂപം.

ഇഅ്തിദാലില്‍ വിവിധ ദിക്റുകള്‍ നബി (സ്വ) യില്‍ നിന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്, അലി (റ) ല്‍ നിന്ന് നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം.“അല്ലാഹുവെ സ്തുതിച്ചവര്‍ക്കവന്‍ ഉത്തരം ചെയ്യട്ടെ, ഞങ്ങളുടെ നാഥാ, ആകാശഭൂമികളും അവക്കിടയിലുള്ളതും അതിന് പുറമെ നീ ഉദ്ദേശിച്ച എല്ലാ വസ്തുവും നിറയെ നിനക്ക് സ്തുതി”(മുസ്ലിം).

ഇഅ്തിദാലില്‍ കൈ കെട്ടുന്ന സമ്പ്രദായം നബിചര്യയില്‍ പെട്ടതല്ല. റുകൂഅ് വരെ കൈകെട്ടുകയാണ് നബി (സ്വ) യുടെ പതിവെന്ന് ഹദീസില്‍ കാണാവുന്നതാണ്, അലി (റ) പറയുന്നു. നബി (സ്വ) നിസ്കാരത്തില്‍ പ്രവേശിച്ചാല്‍ തക്ബീര്‍ ചൊല്ലി വലതു കൈ കൊണ്ട് ഇടതു കൈയ്യിന്റെ മണികണ്‍ഠം പിടിക്കും, അപ്രകാരം റുകൂഅ് വരെ ചെയ്ത് കൊണ്ടിരിക്കും (ബൈഹഖി).


RELATED ARTICLE

  • നിസ്കാരത്തിന്റെ നിബന്ധനകള്‍
  • പെരുന്നാള്‍ നിസ്കാരം
  • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
  • തറാവീഹ് : ജല്‍പ്പനവും മറുപടിയും
  • എട്ട് റക്’അത് നിഷ്ഫലം
  • രേഖകള്‍ ഇരുപതിനു തന്നെ
  • തറാവീഹിന്റെ റക്’അതുകള്‍
  • തറാവീഹിലെ ജമാ’അത്
  • തറാവീഹ് നിസ്കാരം
  • തസ്ബീഹ് നിസ്കാരം
  • നിസ്കാരത്തില്‍ ഖുനൂത്
  • തഹജ്ജുദ് നിസ്കാരം
  • കൂട്ടുപ്രാര്‍ഥന
  • ഖുനൂത്
  • തറാവീഹ്
  • സുന്നത് നിസ്കാരങ്ങള്‍
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (6)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (5)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (4)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (3)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (2)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (1)
  • കൈ കെട്ടല്‍
  • നിസ്കാരത്തിന്റെ ഫലങ്ങള്‍
  • നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകള്‍
  • നിസ്കാരം പൂര്‍വ സമുദായങ്ങളില്‍
  • നിസ്കാരം ഒഴുകുന്ന നദി
  • ജംഉം ഖസ്‌റും