Click to Download Ihyaussunna Application Form
 

 

ബേങ്ക് എന്നാലെന്ത്?

ചോദ്യം: ബേങ്ക് എന്നാലെന്ത്? പലിശയുമായി അതിന്റെ ബന്ധമെങ്ങനെയാണ്?

ഉത്തരം: ബാങ്കിംഗ് റഗുലേഷന്‍ ആക്ട്, ബാങ്കിംഗ് സിസ്റ്റത്തെക്കുറിച്ച് നല്‍കിയ വിശദീകരണം കാണുക: ”പൊതുജനങ്ങളില്‍ നിന്ന് അവരുടെ നിവൃത്തിയനുസരിച്ച് വായ്പ നല്‍കാനോ നിക്ഷേപിക്കാനോ ഡിമാന്റ് ആയോ അല്ലാതെയോ ചെക്ക്, ഡ്രാഫ്റ്റ് എന്നീ നിലയില്‍, ഓര്‍ഡര്‍ ആയോ അല്ലാതെയോ, തിരിച്ചെടുക്കാമെന്ന വ്യവസ്ഥയില്‍ നിക്ഷേപം സ്വീകരിക്കുന്നതാണ് ബാങ്കിംഗ്”. പൊതുവെ അംഗീകരിക്കപ്പെട്ട ഈ വിശദീകരണപ്രകാരം ബാങ്കിന്റെ ധര്‍മ്മങ്ങള്‍ നമുക്കു പരിശോധിക്കാം. നിക്ഷേപം സ്വീകരിക്കുകയെന്നതാണ് ഒന്നാമത്തേത്. വാണിജ്യബാങ്കുകള്‍ മൂന്നുവിധം ഡിപ്പോസിറ്റ് ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്നു. ഏതു സാഹചര്യത്തിലും തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിലുള്ള കറന്റ് ഡെപ്പോസിറ്റാണ് ഒന്ന്. ഇതാണ് സമൂഹം വ്യാപകമായി സ്വീകരിക്കുന്നത്. ഇതില്‍ പണം നിക്ഷേപിച്ചാല്‍ ചെക്ക് മുഖേന ആവശ്യാനുസരണം തിരിച്ചെടുക്കാമെന്നതിനാല്‍ പണമിടപാടുകാര്‍ക്കും വ്യവസായികള്‍ക്കും ഇതേറെ പ്രയോജനകരമാണ്. വാണിജ്യ ബാങ്കുകളുടെ ഇത്തരം സേവനമാണ് ബാങ്കുകളുടെ അനിവാര്യതയായി പൊതുജനത്തിന് അനുഭവപ്പെടുന്നത്. ഈ വിധം സമാഹരിക്കുന്ന സംഖ്യ ബാങ്കുകള്‍ ആദായകരവും പെട്ടെന്ന് പണമാക്കി മാറ്റാന്‍ കഴിയുന്നതുമായ കൊമേഴ്‌സ്യല്‍ ബില്ലുകളിലും അതിനോട് സമാനമായ മറ്റു മേഖലകളിലും ഡെപ്പോസിറ്റ് ചെയ്യുന്നു.
വാരാദ്യങ്ങളിലോ മാസാന്തങ്ങളിലോ തിരിച്ചെടുക്കാമെന്ന നിലയില്‍ സ്വീകരിക്കുന്ന നിക്ഷേപമാണ് രണ്ടാമത്തേത്. സേവിംഗ് ഡെപ്പോസിറ്റ് എന്നുപറയുന്നു. കറന്റ് ഡെപ്പോസിറ്റ് പേലെ എപ്പോഴും എടുക്കാനാകില്ലെങ്കിലും ചുരുങ്ങിയ കാലാടിസ്ഥാനമെന്നതില്‍ കറന്റിന്റെ സ്ഥാനമാണിതിനുള്ളത്.
സ്ഥിരം നിക്ഷേപമാണ് ഒടുവിലത്തേത്. സമയക്രമത്തില്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതും നിശ്ചിത അവധിക്ക് മാത്രം തിരിച്ചെടുക്കാന്‍ കഴിയുന്നതുമായ നിക്ഷേപമാണിത്. സാധാരണ മൂന്നു മാസത്തില്‍ കുറയാതെയും മൂന്നുവര്‍ഷത്തില്‍ അധികമാതെയും സ്വീകരിക്കുന്നതാണിത്. ഇതനുസരിച്ച് നിക്ഷേപിക്കുന്ന സംഖ്യ  ബാങ്കുകള്‍ക്ക് മധ്യകാല ദീര്‍ഘകാലാടിസ്ഥാനത്തില്‍ വായ്പ നല്‍കുകയോ നിക്ഷേപിക്കുകയോ ചെയ്യാവുന്നതാണ്.
ഇപ്രകാരം സമാഹരിക്കുന്ന സംഖ്യയില്‍ കേന്ദ്ര ബേങ്കിന്റെ തീരുമാനമായ നിശ്ചിത നിക്ഷേപ ശതമാനമൊഴിച്ചുള്ളത് ഉപഭോക്താക്കള്‍ക്ക് മൂല്യമുള്ള ഈടിന്മേല്‍ കടമായി കൊടുക്കുന്നു. ഇങ്ങനെ ജനങ്ങളില്‍ നിന്ന് മിച്ചപണം സമാഹരിച്ച് ആവശ്യക്കാര്‍ക്കെത്തിക്കുന്ന ജോലിയാണ് വാണിജ്യബേങ്കുകള്‍ കാര്യമായി ചെയ്യുന്നത്. ഈ കര്‍മ്മം നിര്‍വഹിക്കാന്‍, ബേങ്ക് നിക്ഷേപകര്‍ക്ക് പലിശ കൊടുക്കുകയും കടം വാങ്ങുന്നവരില്‍ നിന്ന് പലിശ വാങ്ങുകയും ചെയ്യുന്നു. അഥവാ ബേങ്ക് പലിശബന്ധിതമാണെന്ന് വ്യക്തം.
പലിശ അശാസ്ത്രീയവും അനനുവദനീയവുമാണെന്ന് വിശ്വസിക്കുന്ന മുസ്‌ലിംകള്‍ക്ക് ആധുനിക ബേങ്കിനെ പൂര്‍ണമായംഗീകരിക്കാന്‍ സാധ്യമല്ല. ചിലര്‍ പലിശ വേന്നെ ഉപാധിയില്‍ ബേങ്കില്‍ പണം നിക്ഷേപിക്കുന്നുണ്ടെങ്കിലും അത് കുറ്റവിമുക്തമാണെന്ന് പറഞ്ഞുകൂടാ. ബേങ്കിന്റെ പ്രവര്‍ത്തനം നിക്ഷേപത്തിലും വായ്പ നല്‍കുന്നതിലും പരിമിതമല്ല. ചെക്ക്, ഡ്രാഫ്‌റ് എന്നിവ നല്‍കി പണത്തിന്റെ കൈകാര്യം ലളിതവും ഭദ്രവുമാക്കുന്നു.
ഇതിനുപുറമെ ബേങ്കുകളുടെ നിലനില്‍പ്പിനായി ഷെയറുകളും കടപ്പത്രങ്ങളും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നു. അതിലൂടെ പലിശ, ഡിവിഡന്റ് എന്നിവ ഈടാക്കുകയും വെള്ളക്കരം, നികുതി, ഇന്‍ഷൂറന്‍സ് പ്രീമിയം തുടങ്ങിയ ഇടപാടുകള്‍ നിര്‍ദ്ദേശപ്രകാരം അടച്ചുതീര്‍ക്കുകയും ചെയ്യുന്നു.
അമൂല്യായ രത്‌നക്കല്ലുകള്‍, സ്വര്‍ണം, സമ്പത്തിന്റെ രേഖാപത്രികകള്‍ തുടങ്ങിയവ ഇടപാടുകാരില്‍ നിന്ന് നേരിയ തുക ഈടാക്കി ഭദ്രമായി സൂക്ഷിക്കുന്നു. നല്ല നിലയില്‍ സാമ്പത്തിക ഇടപാടുകള്‍ നീങ്ങാന്‍ വാണിജ്യ വാര്‍ത്തകളും മാര്‍ക്കറ്റ് നിലവാരങ്ങളും ഉപഭോക്താക്കളെ ബോധിപ്പിക്കുന്നുവെന്നതും ബേങ്കിന്റെ ഒരു പ്രവര്‍ത്തനമാണ്. ബേങ്കുമായി സഹകരിക്കുന്നവരെ സര്‍വതോന്മുഖമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതിയുമായാണ് ആധുനിക വാണിജ്യ ബേങ്കുകള്‍ നടക്കുന്നത് എന്നാണ് ബേങ്കുകളുടെ ന്യായം. പലിശയാണ് ബേങ്കിന്റെ പ്രധാന വരുമാനമെന്നത് കൊണ്ടു മുസ്‌ലിംകളും പല ധനശാസ്ത്ര ചിന്തകരും ബേങ്കിംഗ് സിസ്റ്റത്തെ വിമര്‍ശിച്ചിട്ടു്ണ്ടു.
റിബായെന്ന പദമാണ് ഖുര്‍ആനില്‍ പലിശക്ക് ഉപയോഗിച്ചിട്ടുള്ളത്. കടം കൊടുക്കുന്നതിന് പകരമായി കൊടുത്ത സംഖ്യയെക്കാള്‍ നിശ്ചിത സംഖ്യ കൂടുതല്‍ വാങ്ങുന്നതിനാണ് സാങ്കേതിക ഭാഷയില്‍ പലിശയെന്ന പറയുന്നത്.
പലിശ സമൂഹത്തിന് നൈമിഷിക സ്വാസ്ഥ്യം തരുന്നുണ്ടെങ്കിലും ഇത് ഭാവിയില്‍ ഏറെ ക്ലേശങ്ങള്‍ സൃഷ്ടിക്കുന്ന വിപത്താണ്.  ബാങ്കില്‍ നിന്ന് കടമെടുക്കുന്നവരില്‍ മിക്കപേരും നിര്‍ണിത കാലയളവില്‍ കൊടുത്തു തീര്‍ക്കാനാകാതെ പലിശയും പലിശയുടെ മേല്‍ പലിശയുമായി വലിയ സംഖ്യ കൊടുക്കാന്‍ ബാധ്യസ്ഥരാവുകയും കൊടുത്തുതീര്‍ക്കാന്‍ കഴിയാതെ കഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് പലപ്പോഴും ജീവഹത്യയിലേക്ക് വരെ നയിക്കുന്നു.


RELATED ARTICLE

  • ബേങ്ക്, പലിശ, കൂടുതല്‍ സംശയങ്ങള്‍
  • ഗള്‍ഫില്‍ നിന്ന് പണം ചവിട്ടല്‍
  • പലിശയുടെ വിവിധ ഇനങ്ങള്‍
  • പലിശ മറ്റുമതങ്ങളില്‍
  • ഇസ്ലാമിക ബേങ്കിംഗ്
  • ബേങ്ക് പലിശ
  • ബേങ്ക് പലിശ അനുവദനീയമോ??
  • ബേങ്ക് എന്നാലെന്ത്?