Click to Download Ihyaussunna Application Form
 

 

നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (2)

4) ഫാതിഹഃ ഓതല്‍

നിസ്കാരത്തിന്റെ നാലാമത്തെ ഫര്‍ളാകുന്നു ഫാതിഹഃ ഓതല്‍. ഓരോ റക്അതിലും ഫാതിഹഃ ഓതല്‍ നിര്‍ബന്ധമാണ്. എന്നാല്‍, റുകൂഇല്‍ ഇമാമിനെ തുടരുകയും അവനോടൊപ്പം റുകൂഇല്‍ അടങ്ങിത്താമസിക്കാന്‍ സമയം ലഭിക്കുകയും ചെയ്തവന് ഫാതിഹഃ ഓതിയില്ലെങ്കിലും അത് റക്അതായി പരിഗണിക്കപ്പെടുമെന്ന് പണ്ഢിതന്മാര്‍ ഏകോപിച്ച് പറയുന്നു. ഫാതിഹഃയുടെ നിര്‍ബന്ധം കുറിക്കുന്ന ഹദീസുകള്‍ നിരവധിയുണ്ട്. “നബി (സ്വ) പറഞ്ഞു. ഫാതിഹഃ ഓതാത്തവന് നിസ്കാരമില്ല”(ബുഖാരി). ഉബാദത്ത്ബ്നു സ്വാമിത് (റ) നിന്ന് നിവേദനം:“ഞങ്ങള്‍ നബി (സ്വ) യോടൊപ്പം നിസ്കരിച്ചു, നബി (സ്വ) യുടെ മേല്‍ ഓത്ത് ഭാരമായി, നിസ്കാരം കഴിഞ്ഞ ശേഷം തങ്ങള്‍ ചോദിച്ചു, നിങ്ങള്‍ ഇമാമിന്റെ പിന്നില്‍ നിന്ന് ഓതാറുണ്ടോ? ഞാനങ്ങനെ ധരിക്കുന്നു, ഞങ്ങള്‍ പറഞ്ഞു. അതെ ഓതാറുണ്ട്. അപ്പോള്‍ നബി (സ്വ) പറഞ്ഞു. നിങ്ങള്‍ ഉമ്മുല്‍ ഖുര്‍ആന്‍ മാത്രം ഓതുക, അത് ഓതാത്തവനു നിസ്കാരമില്ല”(ബുഖാരി).

ഇമാമിനും മഅ്മൂമിനും ഒറ്റക്ക് നിസ്കരിക്കുന്നവനും ഫാതിഹഃ നിര്‍ബന്ധമാണല്ലോ,എന്നാല്‍ ഉറക്കെ ഓതേണ്ട നിസ്കാരത്തില്‍ ആമീന്‍ പറഞ്ഞ ശേഷം മഅ്മൂമിന് ഫാതിഹഃ ഓതാനാവശ്യമായ സമയം, ഇമാം മൌനം പാലിക്കല്‍ സുന്നത്തുണ്ട്. മഅ്മൂം ഈ സമയം ഫാതിഹഃ ഓതും എന്ന് അറിഞ്ഞാലാണ് ഇങ്ങനെ വേണ്ടത്.

ബിസ്മി ഫാതിഹഃയില്‍പെട്ട ഒരു ആയത്ത് ആയതിനാല്‍ തുടക്കത്തില്‍ ബിസ്മി ഓതല്‍ നിര്‍ബന്ധമാണ്, അബൂഹുറൈറഃ (റ) യില്‍ നിന്ന് നിവേദനം: “നിങ്ങള്‍ അല്‍ഹംദുലില്ലാഹ് (ഫാതിഹഃ സൂറ:യുടെ മറ്റൊരു നാമം) ഓതിയാല്‍ ബിസ്മി ഓതുക, നിശ്ചയം അത് ഖുര്‍ആന്റെ മാതാവാകുന്നു, ആവര്‍ത്തിക്കപ്പെടുന്ന ആയത്തുകളുമാകുന്നു, ബിസ്മി അതിലെ ഒരു ആയത്തും”.(ബൈഹഖി, ദാറുഖുത്വ്നി) ഉമ്മുസലമഃ(റ)യില്‍ നിന്ന് അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്നു: “നബി (സ്വ) നിസ്കാരത്തില്‍ ബിസ്മി ഓതി, അതിനെ ഒരു ആയത്തായി എണ്ണുകയും ചെയ്തു”. ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് ദാറഖുത്വ്നിയുടെ നിവേദനത്തില്‍ “നിശ്ചയം നബി (സ്വ) ബിസ്മി ഉറക്കെ ഓതാറുണ്ടായിരുന്നു” എന്നും കാണാം.

ബിസ്മി ഫാതിഹഃയിലെ മാത്രമല്ല, മറ്റെല്ലാ സൂറ:കളിലെയും ഒരു ആയത്ത് കൂടിയാണ്. ഈ വസ് തുത ശരിവെക്കുന്ന ഹദീസ് മുസ്ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, അനസ്(റ)ല്‍ നിന്ന് നിവേദനം: “ഞങ്ങള്‍ റസൂലിന്റെ കൂടെയിരിക്കെ നബി (സ്വ) ക്ക് ഒരു ബോധക്ഷയമുണ്ടായി. ഉടനെ നബി(സ്വ)പുഞ്ചിരിച്ചുകൊണ്ട് തല ഉയര്‍ത്തി. ഞങ്ങള്‍ ചോദിച്ചു. എന്താണ് നബിയേ ചിരിയുടെ കാര്യം, നബി (സ്വ) പറഞ്ഞു. എനിക്കിപ്പോള്‍ ഒരു സൂക്തമവതരിച്ചിരിക്കുന്നു, എന്നിട്ടവിടുന്ന് ഓതി. ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം. ഇന്നാ അഅ്ത്വാൈനാക്കല്‍ കൌസര്‍”. എന്നാല്‍ ബറാഅത് സൂറത്തിന്റെ ആദ്യത്തില്‍ ബിസ്മി ഇല്ല. സ്വഹാബത്തിന്റെ ഏക കണ്ഠമായ തീരുമാനം അങ്ങനെയാണ്, ശേഷമുള്ള താബിഉകളും ഇതംഗീകരിച്ചു. മാത്രമല്ല ബിസ്മി ഉറക്കെ ഓതലാണ് സുന്നത്ത്.

ഫാതിഹഃയില്‍ തര്‍തീബ്

നിസ്കാരത്തില്‍ ഫാതിഹഃ ക്രമാനുഗതമായി തന്നെ ഓതണം, ബിസ്മി മറന്ന് പോവുകയും ഒടുവില്‍ കൊണ്ട് വരികയും ചെയ്താല്‍ പോരാ. വീണ്ടും ബിസ്മി കൊണ്ട് ഫാതിഹഃ തുടങ്ങണം. നബി (സ്വ) യുടെ നിസ്കാര ക്രമം അങ്ങനെയായിരുന്നു. ഫാതിഹഃ ഓതുന്നതിനിടയില്‍ ദീര്‍ഘമായി മൌനം പാലിക്കുകയോ ഓത്തില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിക്കുകയോ ചെയ്താല്‍ ഫാതിഹഃ തുടക്കം മുതലെ വീണ്ടും ഓതണം.

ഫാതിഹഃയിലെ ശദ്ദുകളും മദ്ദുകളും ഒന്നും വിട്ടുപോകാന്‍ പാടില്ല, അത് നിസ്കാരത്തെ അസാധുവാക്കും. അക്ഷരം മാറിപ്പോകാനും പാടില്ല. അറബി അക്ഷരങ്ങള്‍ തമ്മിലുള്ള വ്യത്യാസം സൂക്ഷ്മമായി ഗ്രഹിച്ചിരിക്കേണ്ടതാണ്. ഒരക്ഷരം മറ്റൊന്നായി മാറി ഉച്ചരിച്ചാല്‍ അര്‍ഥത്തെ ബാധിക്കുന്നത് മാത്രമല്ല നിസ്കാരം തന്നെ ബാത്വിലാകുന്നതാണ്.

ആമീന്‍ പറയല്‍

മഅ്മൂമോ ഒറ്റക്ക് നിസ്കരിക്കുന്നവനോ; ആണോ പെണ്ണോ ആരായാലും ശരി ഫാതിഹഃക്ക് ശേഷം നേരിയ ഒരു വിരാമം കഴിഞ്ഞാല്‍ ആമീന്‍ പറയല്‍ സുന്നത്താകന്നു. ഇമാം നവവി (റ) പറയുന്നു.: നിസ്കാരത്തിലോ പുറത്തോ ആവട്ടെ, ഫാതിഹഃ യില്‍ നിന്ന് വിരമിച്ചാല്‍ ആമീന്‍ പറയല്‍ സുന്നത്താകുന്നു. നിസ്കാരത്തില്‍ ഇത് പ്രബലമായ സുന്നത്താകുന്നു, പതുക്കെ ഓതേണ്ട നിസ് കാരത്തില്‍ ഫാതിഹഃ പോലെ ആമീനും പതുക്കെ പറയണം, ഉറക്കെ ഓതുന്ന നിസ്കാരത്തില്‍ ഉറക്കെ പറയലാണുത്തമം. ഉറക്കെ ഓതുന്ന നിസ്കാരത്തില്‍ മഅ്മൂമിനു രണ്ടു പ്രാവശ്യം സുന്നത്തുണ്ട്. ഇമാമിന്റെ ഫാതിഹഃക്കു ശേഷവും സ്വന്തം ഫാതിഹഃ ക്ക് ശേഷവും.

മഅ്മൂമിന്റെ ആമീന്‍ ഇമാമോട് യോജിച്ച് വരുന്നതാണ് സുന്നത്ത്. അബൂഹുറൈറഃ (റ) പറയുന്നു. നബി (സ്വ) പറഞ്ഞിരിക്കുന്നു. ഇമാം ‘വലള്ള്വാല്ലീന്‍’ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ആമീന്‍ പറയുക. കാരണം ആരുടെ പ്രാര്‍ഥനയാണോ മലകുകളുടെ പ്രാര്‍ഥനയോട് യോജിച്ചതെങ്കില്‍ അ വന്റെ പൂര്‍വ്വ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ് (ബുഖാരി).

ആഇശഃ (റ) പറയുന്നു.: നബി (സ്വ) പറഞ്ഞിരിക്കുന്നു. “സലാം ചൊല്ലുക, ഇമാമിന്റെ പിന്നില്‍ ആമീന്‍ പറയുക എന്നീ കാര്യങ്ങള്‍ പോലെ മറ്റൊരു കാര്യത്തിലും ജൂതന്മാര്‍ക്ക് നിങ്ങളോട് അസൂയ ഉണ്ടായിട്ടില്ല.”(അഹ്മദ്). ആമീന്‍ എന്നതിന്റെ അര്‍ഥം നീ ഉത്തരം ചെയ്യേണമേ എന്നാണ്. അത് ഫാതിഹഃയില്‍ പെട്ടതല്ല. മീമിന് ശക്തി കൂട്ടി ആമ്മീന്‍ എന്ന് ഉച്ചരിക്കുന്നത് അബദ്ധമാകുന്നു. ആമീന്റെയും സൂറതിന്റെയും ഇടയിലും, സൂറതിന്റെയും റുകൂഇലേക്കുള്ള തക്ബീറിന്റെയും ഇടയിലും, തക്ബീറതുല്‍ ഇഹ്റാമിന്റെയും വജ്ജഹ്തുവിന്റെയും ഇടയിലും, വജ്ജഹ്തുവിന്റെയും അഊദുവിന്റെയും ഇടയിലും, അഊദുവിന്റെയും ബിസ്മിയുടെയും ഇടയിലും, സുബ്ഹാനല്ലാഹ് എന്ന് പറയുന്ന സമയം മൌനം സുന്നത്താകുന്നു.

ഖുര്‍ആന്‍ പരായണം

ഫാതിഹഃക്ക് ശേഷം ളുഹ്ര്‍, അസ്വ്ര്‍, മഗ്രിബ്, ഇശാഅ് എന്നീ നിസ്കാരങ്ങളുടെ ആദ്യ രണ്ടു റക്അതുകളിലും സുബ്ഹി, ജുമുഅഃ എന്നിവയുടെയും സുന്നത്ത് നിസ്കാരങ്ങളുടെയും എല്ലാ റക്അതുകളിലും ഖുര്‍ആന്‍ പാരായണം സുന്നത്താകുന്നു. അബൂഖതാദഃ (റ) യില്‍ നിന്ന് നിവേദനം.: നബി (സ്വ) ളുഹ്റിന്റെ ആദ്യത്തെ രണ്ട് റക്അതുകളില്‍ ഫാതിഹഃയും രണ്ടു സൂറതുകളും ഒടുവിലത്തെ രണ്ട് റക്അതുകളില്‍ ഫാതിഹഃ മാത്രവും ഓതിയിരുന്നു. പലപ്പോഴും ആയതുകള്‍ ഞങ്ങളെ കേള്‍പ്പിക്കുമായിരുന്നു. ആദ്യത്തെ റക്അത് രണ്ടാമത്തേതിനേക്കാള്‍ ദീര്‍ഘിപ്പിച്ചിരുന്നു. ഇപ്രകാരം തന്നെയായിരുന്നു അസ്വ്റിലും സ്വുബ്ഹിയിലും.

ഫാതിഹഃക്ക് ശേഷമുള്ള ഖുര്‍ആന്‍ പാരായണം ഒരു സൂറത്തോ ഖുര്‍ആനില്‍ നിന്ന് അല്‍പമോ ഓതാം. ഒരു റക്അതില്‍ രണ്ട് സൂറതുകള്‍ ഒരുമിച്ച് ഓതുന്നതും പുണ്യം തന്നെ. ജുമുഅഃ, പെരുന്നാള്‍ എന്നിവ ഒഴികെ മറ്റൊരു നിസ്കാരത്തിലും ഒരേ സൂറത്ത് ഓതുന്ന പതിവ് നബി (സ്വ) ക്കുണ്ടായിരുന്നില്ല. സൂറത് മുഴുവന്‍ ഓതുകയായിരുന്നു നബി (സ്വ) യുടെ പതിവ്. സൂറഃകളുടെ മധ്യഭാഗമോ, അവസാനമോ നബി (സ്വ) ഓതിയതായി ഒരു റിപ്പോര്‍ട്ടും വന്നിട്ടില്ല. ഖുര്‍ആനിന്റെ വാക്കുകള്‍ ഹൃദയത്തിലൂടെ നടത്തിയാല്‍ പോരെന്നും നാവ് കൊണ്ട് ഉച്ചരിക്കണമെന്നുമാണ് നാല് മദ്ഹബുകളുടെയും ഇമാമുകള്‍ പറയുന്നത്.


RELATED ARTICLE

  • നിസ്കാരത്തിന്റെ നിബന്ധനകള്‍
  • പെരുന്നാള്‍ നിസ്കാരം
  • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
  • തറാവീഹ് : ജല്‍പ്പനവും മറുപടിയും
  • എട്ട് റക്’അത് നിഷ്ഫലം
  • രേഖകള്‍ ഇരുപതിനു തന്നെ
  • തറാവീഹിന്റെ റക്’അതുകള്‍
  • തറാവീഹിലെ ജമാ’അത്
  • തറാവീഹ് നിസ്കാരം
  • തസ്ബീഹ് നിസ്കാരം
  • നിസ്കാരത്തില്‍ ഖുനൂത്
  • തഹജ്ജുദ് നിസ്കാരം
  • കൂട്ടുപ്രാര്‍ഥന
  • ഖുനൂത്
  • തറാവീഹ്
  • സുന്നത് നിസ്കാരങ്ങള്‍
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (6)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (5)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (4)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (3)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (2)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (1)
  • കൈ കെട്ടല്‍
  • നിസ്കാരത്തിന്റെ ഫലങ്ങള്‍
  • നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകള്‍
  • നിസ്കാരം പൂര്‍വ സമുദായങ്ങളില്‍
  • നിസ്കാരം ഒഴുകുന്ന നദി
  • ജംഉം ഖസ്‌റും