Click to Download Ihyaussunna Application Form
 

 

തൌബയുടെ ദിനം

അലി(റ) വിവരിക്കുന്നു: ഒരാള്‍ നബി(സ്വ)യുടെ അരികില്‍ വന്ന്, റമള്വാന് ശേഷം ഏതു മാസമാണ് സുന്നത്തു നോമ്പിനുവേണ്ടി തങ്ങള്‍ എനിക്ക് നിര്‍ദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നബി(സ്വ) മറുപടി പറഞ്ഞു: “മുഹര്‍റം മാസം നോമ്പെടുക്കൂ. അത് അല്ലാഹുവിന്റെ മാസമാണ്. ഒരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു കഴിഞ്ഞതും മറ്റൊരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കാനുള്ളതുമായ ഒരു ദിവസം ആ മാസത്തിലുണ്ട്” (തിര്‍മിദി). ഒരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചതും മറ്റൊരു സമൂഹത്തിന്റേത് സ്വീകരിക്കാനിരിക്കുന്നതുമായ ദിവസം ആശൂറാഅ്(മുഹര്‍റം പത്ത്) ആണ്. ആ ദിവസം ഉള്‍ക്കൊള്ളുന്ന മാസമായതുകൊണ്ടാണ് റമളാന്‍ കഴിഞ്ഞാല്‍ നോമ്പിന് വിശേഷപ്പെട്ട മാസം മുഹര്‍റമാണെന്ന് നബി(സ്വ) പറഞ്ഞത് (ഹദീസ് വ്യാഖ്യാന ഗ്രന്ഥമായ ഗായത്തുല്‍ മഅ്മൂല്‍:2/88).

പശ്ചാത്താപം സ്വീകരിക്കപ്പെടലാണ് മുഹര്‍റം പത്തിന്റെ പ്രധാന വിശേഷങ്ങളിലൊന്ന്. പാപം ചെയ്യാന്‍ ഒരു വിധത്തിലും സാധ്യതയില്ലാത്തവരാണ് പ്രവാചകര്‍. അവരില്‍ ചിലര്‍ അത്യധികമായ വിനയത്തിന്റെ യും ഭക്തിയുടെയും പേരില്‍ സ്വന്തം പ്രവര്‍ത്തനം അല്ലാഹു എങ്ങനെ സ്വീകരിക്കുമെന്നറിയാതെ വേദനിക്കുകയും അല്ലാഹുവിനോട് കരഞ്ഞ് പ്രാര്‍ഥിക്കുകയും ചെയ്ത സംഭവം ഖുര്‍ആനിലുണ്ട്. മഹാന്മാരായ ആദം(അ), ദാവൂദ്(അ), യൂനുസ്(അ) എന്നീ നബിമാരുടെ ചരിത്രങ്ങളില്‍ ഇത് കാണാം. ഇവര്‍ക്കെല്ലാം മനഃശാന്തി നല്‍കുന്ന തൃപ്തികരമായ ഉത്തരം അല്ലാഹുവില്‍ നിന്ന് ലഭിച്ചതും ഇവരുടെ ഖേദപ്രകടനം (പശ്ചാത്താപം) പരിഗണിച്ചതും ഇവര്‍ പരിശുദ്ധരാണെന്ന പ്രഖ്യാപനമുണ്ടായതും മുഹര്‍റം പത്തിനാണ്. അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യില്‍ നിന്ന് ഒരിക്കലും പാപങ്ങള്‍ സംഭവിക്കില്ലെന്ന പ്രഖ്യാപനവും മുഹര്‍റം പത്തിനാണുണ്ടായത്. പാപമോചനത്തിനും പശ്ചാത്താപത്തിനുമുള്ള മാര്‍ഗ്ഗമാണ് മുഹര്‍റം പത്തിന്റെ വ്രതാനുഷ്ഠാനമെന്ന് നിരവധി ഹദീസുകളിലും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാം. ഇമാം അബൂഖതാദഃ(റ) പറയുന്നു: “ആശൂറാഅ് നോമ്പിനെപ്പറ്റി ചോദിച്ചപ്പോള്‍, ഒരു വര്‍ഷത്തെ ദോഷങ്ങള്‍ അത് പൊറുപ്പിക്കുമെന്നായിരുന്നു നബി(സ്വ)യുടെ മറുപടി”(മുസ്ലിം). നബി(സ്വ) പറഞ്ഞു: “ആശൂറാഅ് നോമ്പ്, തൊട്ടുമുമ്പുള്ള ഒരു വര്‍ഷക്കാലത്തെ ദോഷം പൊറുപ്പിക്കുമെന്ന് അല്ലാഹുവില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” (മുസ്ലിം).

കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ ദോഷങ്ങള്‍ മുഴുവന്‍ മുഹര്‍റം പത്തിന്റെ ഒരേയൊരു വ്രതം വഴി പൊറുക്കുമെന്നത് നിസ്സാരമല്ലല്ലോ. ഈ ദിവസത്തിന്റെ സവിശേഷതയാണത്. ആദം നബി(അ)യുടെ കാലം മു തല്‍ ഈ ദിനത്തില്‍ മനുഷ്യരുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊണ്ടേയിരുന്നു. അതിന്റെ തുടര്‍ച്ച ലോകാന്ത്യം വരെ സംഭവിക്കുമെന്നാണ് നബിവചനത്തിന്റെ പൊരുള്‍.

പൊറുക്കപ്പെടുന്ന ദോഷങ്ങളേതാണെന്നതിനെപ്പറ്റി പണ്ഢിതന്മാര്‍ സുദീര്‍ഘമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. വന്‍ദോഷവും ചെറുദോഷവുമെല്ലാം പൊറുക്കപ്പെടുന്നതാണെന്ന പ്രബലമല്ലാത്ത അഭിപ്രായം ഇമാം ഇ ബ്നുല്‍ മുന്‍ദിര്‍(റ), ഇമാം അല്‍ഖാള്വീ അബുല്‍മആലീ(റ) എന്നിവര്‍ക്കുണ്ട് (ഖല്‍യൂബി:2/73). എന്നാല്‍, ചെറുദോഷങ്ങള്‍ മാത്രമേ ഇതില്‍ പെടുകയുള്ളൂ എന്നാണ് ഇമാം ഇബ്നു ഹജര്‍ അല്‍ ഹൈതമീ(റ), ഇ മാമുല്‍ ഹറമൈനി(റ) തുടങ്ങിയവര്‍ പ്രബലമാക്കിയിട്ടുള്ളത്. വന്‍ദോഷങ്ങള്‍ പൊറുക്കണമെങ്കില്‍ പ്രത്യേകം തൌബഃ ആവശ്യമാണ്. തൌബഃയില്ലാതെ പൊറുക്കുമെന്ന് പറഞ്ഞിട്ടുള്ളതെല്ലാം ചെറുദോഷങ്ങളെ സംബന്ധിച്ച് മാത്രമാണെന്നാണ് അഹ്ലുസ്സുന്നഃയുടെ ഏകോപിത തീരുമാനം. പാപമുക്തി വാഗ്ദാനം ചെയ്യപ്പെട്ട സത്കര്‍മ്മങ്ങളെപ്പറ്റി പറയുമ്പോഴെല്ലാം വന്‍ദോഷങ്ങള്‍ ഒഴിവാക്കണമെന്ന പ്രത്യേക നിബന്ധന ഹദീസുകളില്‍ വന്നിട്ടുള്ളത് വിലയിരുത്തിയാണീ തീരുമാനം. അതിനാല്‍ ഇബ്നുല്‍ മുന്‍ദിറി(റ)ന്റെയും ഖാള്വീ അബുല്‍മആലീ(റ)യുടെയും(മുമ്പ് പറഞ്ഞ) അഭിപ്രായങ്ങള്‍ തള്ളപ്പെടേണ്ടതാണ് (തുഹ്ഫ: & ശര്‍വാനീ:3/454,455, ഫത്ഹുല്‍ മുഈന്‍:202,203). ചെറുദോഷങ്ങള്‍ മാത്രം പൊറുക്കുമെന്നതാണ് അടിസ്ഥാനയോഗ്യമെന്ന് അലിയ്യുശ്ശബ്റാമല്ലിസി(റ)യും പറയുന്നു(അശ്ശബ്റാമല്ലിസി:3/200, ശര്‍ വാനീ:3/454).

വന്‍ദോഷങ്ങള്‍ കൂടി പൊറുപ്പിക്കുമെന്ന് എടുത്തു പറഞ്ഞ വിഷയങ്ങള്‍ ചെയ്താല്‍ വന്‍ദോഷങ്ങള്‍ പൊറുത്തേക്കാമെന്നതില്‍ തര്‍ക്കമില്ല. വന്‍ദോഷങ്ങള്‍ ഒഴിവാക്കണമെന്ന് നിബന്ധന പറഞ്ഞ വിഷയങ്ങള്‍ ചെയ്താല്‍ ചെറുദോഷം മാത്രമേ പൊറുക്കപ്പെടുകയുള്ളൂ എന്നതും നിസ്തര്‍ക്കം തന്നെ. എന്നാല്‍, ചെറുതോ വലുതോ എന്ന് പ്രത്യേകം പറയാതെ, ദോഷം പൊറുക്കുമെന്ന് മാത്രം പറഞ്ഞ സ്ഥലങ്ങളില്‍ അല്ലാഹുവിന്റെ വിശാലമായ അനുഗ്രഹം മുന്‍നിര്‍ത്തി എല്ലാം പൊറുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കാവുന്നത് (കുര്‍ദീ:2/199, ശര്‍വാനീ:3/454).

ചെറുദോഷങ്ങളില്ലാത്തവര്‍ക്ക് സ്ഥാനമാനങ്ങള്‍ ഉയര്‍ത്തുക, ചെറുദോഷങ്ങളില്ലാതെയോ വര്‍ദ്ധിക്കാതെയോ ജീവിക്കാനുള്ള സൌഭാഗ്യമുണ്ടാവുക മുതലായ ഗുണങ്ങള്‍ അവന്‍ നല്‍കുന്നതാണ്(തുഹ്ഫ: 3/454).

ഇവയെല്ലാം അല്ലാഹുവോടുള്ള കുറ്റങ്ങളുടെ കാര്യമാണ്. മനുഷ്യരുമായി ബന്ധപ്പെടുന്ന ബാധ്യതകള്‍ ആശൂറാഅ് നോമ്പു പോലുള്ള സത്കര്‍മ്മങ്ങളാല്‍ മാത്രം പൊറുപ്പിക്കുന്നതല്ല. ഇത്തരം കാര്യങ്ങള്‍ വീട്ടിത്തീര്‍ക്കുകയോ പൊരുത്തപ്പെടീക്കുകയോ ചെയ്തെങ്കില്‍ മാത്രമേ ബാധ്യത ഒഴിവാകുകയുള്ളൂ (ഫത്ഹുല്‍ മുഈന്‍:202).


RELATED ARTICLE

  • മുഹര്‍റം, അല്ലാഹുവിന്റെ മാസം
  • നാല് പവിത്ര മാസങ്ങള്‍
  • ഹിജ്റ കലണ്ടറും പുതുവര്‍ഷവും
  • ആശൂറാ നോമ്പ്
  • ആശൂറാഇലെ പ്രത്യേക കര്‍മ്മങ്ങള്‍
  • ആശൂറാപ്പായസവും സുറുമയും
  • ചില സംശയങ്ങള്‍
  • തൌബയുടെ ദിനം
  • മുഹര്‍റം ഒമ്പതും പതിനൊന്നും
  • മുഹര്‍റം പത്തിലെ ചരിത്ര സംഭവങ്ങള്‍