Click to Download Ihyaussunna Application Form
 

 

നാല് പവിത്ര മാസങ്ങള്‍

“നിശ്ചയം, ആകാശഭൂമികളുടെ സൃഷ്ടിദിനത്തില്‍ അല്ലാഹുവിന്റെ കിതാബിലെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം യുദ്ധം നിരോധിക്കപ്പെട്ടവയാണ്”(വിശുദ്ധ ഖുര്‍ആന്‍, തൌബ: 36). “ദുല്‍ഖഅ്ദഃ, ദുല്‍ഹിജ്ജഃ, മുഹര്‍റം, റജബ് എന്നിവയാണ് മേല്‍പറയപ്പെട്ട നാലു മാസങ്ങള്‍”(തഫ്സീര്‍ ജലാലൈനിഃ 158).

നബി(സ്വ)യുടെ പ്രബോധനത്തിന്റെ ആദ്യഘട്ടങ്ങളില്‍ മേല്‍പറഞ്ഞ നാലു മാസങ്ങളിലെ പോരാട്ടങ്ങളെ ല്ലാം നിരോധിക്കപ്പെട്ടിരുന്നു. പിന്നീട് ഈ നിയമം പിന്‍വലിക്കപ്പെട്ടുവെന്നും യുദ്ധനിരോധനം ഇപ്പോള്‍ നിലവിലില്ലെന്നും ഇമാമുമാരായ ഖതാദ(റ), അത്വാഅ്(റ), സുഹ്രീ(റ), നവവി(റ) മുതലായവര്‍ പ്രസ്താവിച്ചത് വളരെ ശ്രദ്ധേയമാണ് കലാന്‍: 158). യുദ്ധം പാടില്ലെന്ന നിയമം എടുത്തുകളയപ്പെട്ടെങ്കിലും പ്രസ് തുത നാലു മാസങ്ങളുടെ മഹത്വം കുറഞ്ഞിട്ടില്ല. ബാക്കിയുള്ള എട്ടു മാസങ്ങളേക്കാള്‍ പുണ്യവും പ്രാധാന്യവും ഈ നാലു മാസങ്ങള്‍ക്ക് ഇന്നുമുണ്ട് (നിഹായ: 7/300).

വിശുദ്ധ ഹറമില്‍ വെച്ച് അക്രമങ്ങളോ അനാവശ്യങ്ങളോ ചെയ്യരുതെന്ന് ഇസ്ലാം പഠിപ്പിച്ചു. ഈ വിശ്വാസം നബി(സ്വ)യുടെ കാലത്തിനു മുമ്പ് മുശ്രിക്കുകള്‍ക്കും ഉണ്ടായിരുന്നു. മേല്‍പറഞ്ഞ നാലു മാസങ്ങളെയും അക്രമം പാടില്ലാത്ത നാളുകളായി അവര്‍ എണ്ണുകയുണ്ടായി.

ഹിജ്റ എട്ടാം വര്‍ഷത്തില്‍ അബ്ദുല്‍ ഖൈസിന്റെ പ്രതിനിധികളായി റബീഅത്ത് ഗോത്രക്കാര്‍ നബി(സ്വ)യെ സന്ദര്‍ശിക്കുകയും നബി(സ്വ) അവരെ സ്വീകരിക്കുകയും ചെയ്തപ്പോള്‍ റബീഅത്തുകാര്‍ പറഞ്ഞു: “അല്ലാഹുവിന്റെ പ്രവാചകരേ, യുദ്ധം പാടില്ലാത്ത മാസങ്ങളിലല്ലാതെ ഞങ്ങള്‍ക്ക് അങ്ങയുടെ സാന്നിദ്ധ്യത്തില്‍ വരാന്‍ നിവൃത്തിയില്ല. കാരണം മുളര്‍ ഗോത്രത്തിലെ ശത്രുക്കള്‍ ഞങ്ങളെ തടയുന്നു….”(ബുഖാരി, മുസ്ലിം). സുദീര്‍ഘമായ ഒരു സംഭവ വിവരണത്തില്‍ നിന്ന് അല്‍പഭാഗമാണ് മുകളില്‍ ഉദ്ധരിച്ചിട്ടുള്ളത്. ഇമാം മുല്ലാ അലിയ്യുല്‍ ഖാദിരി(റ) പ്രസ്തുത ഹദീസിനെ വ്യാഖ്യാനിച്ചത് കാണുക: “മറ്റു സന്ദര്‍ഭങ്ങളില്‍ പ്രവാചക സന്നിധിയിലേക്ക് വരാന്‍ കഴിയാത്തതിന് റബീഅത്ത് ഗോത്രക്കാര്‍ ബോധിപ്പിച്ച കാരണം സ്മരണാര്‍ഹമാണ്. ജാഹിലിയ്യഃ കാലത്ത് ജനങ്ങള്‍ പരസ്പരം നിരന്തരമായ യുദ്ധകോലാഹലങ്ങള്‍ നടത്താറുണ്ടെങ്കിലും, പവിത്രമായ നാലു മാസങ്ങളില്‍, മാസങ്ങളുടെ മഹത്വവും കഅ്ബഃ സന്ദര്‍ശകരുടെ സൌകര്യങ്ങളും പരിഗണിച്ച് എല്ലാവിധ പേക്കൂത്തുകളില്‍ നിന്നും കൊലവിളി, കൊള്ളകളില്‍ നിന്നും അവര്‍ വിട്ടുനില്‍ക്കുമായിരുന്നു. അതിനാല്‍ തെരുവീഥികളിലും വാഹനങ്ങളിലും ഭയം കൂടാതെ യഥേഷ്ടം വിലസാന്‍ ഈ നാലു മാസങ്ങളില്‍ (മാത്രം) ജനങ്ങള്‍ക്ക് ധൈര്യമുണ്ടാകുന്നു. മദീനയിലേക്ക് വരുന്നതിനെ തടസ്സപ്പെടുത്തുന്ന മുളര്‍ ഗോത്രത്തിലെ അക്രമികളുടെ ശല്യത്തില്‍ നിന്ന് ഈ നാലു മാസങ്ങളില്‍ റബീഅത്തുകാര്‍ പരിപൂര്‍ണമായും സുരക്ഷിതരായിരുന്നു” (മിര്‍ഖാത്: 1/77). അന്ധകാരയുഗത്തിലെ അക്രമികള്‍ പോലും നാലു പവിത്ര മാസങ്ങളെ ആദരിച്ചിരുന്നുവെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം.

നബി(സ്വ) ആഗതനാവുകയും ഇസ്ലാമിക തത്വങ്ങള്‍ പുനര്‍ജ്ജനിക്കുകയും ചെയ്ത ഘട്ടത്തില്‍ ജാഹിലിയ്യഃ കാലത്തെ പലതും തള്ളിക്കളഞ്ഞെങ്കിലും ഈ നാലു മാസങ്ങളുടെ പ്രാധാന്യം തുടര്‍ന്നും അംഗീകരിച്ചു. ലേഖനാരംഭത്തില്‍ പറഞ്ഞ ആയത്ത് ഇതിനു തെളിവാണ്. പിന്നീട് പല കാരണങ്ങളാല്‍ യുദ്ധനിരോധം മാത്രം ദുര്‍ബ്ബലപ്പെടുത്തുകയുണ്ടായി. എന്നാല്‍, കുറ്റങ്ങളും അക്രമങ്ങളും ചെയ്താല്‍ ഈ നാലു മാസങ്ങളില്‍ പ്രത്യേക ശിക്ഷയാണ്.

അബദ്ധത്തില്‍ (മനഃപൂര്‍വ്വമല്ലാതെ) കൊലപാതകം നടത്തിപ്പോയാല്‍, മനഃപൂര്‍വ്വം കൊലപ്പെടുത്തിയതിന്റെ ശിക്ഷയില്ല. എന്നാല്‍, “മക്കയിലെ ഹറമില്‍ വെച്ചോ നാലു വിശുദ്ധ മാസങ്ങളിലോ അടുത്ത ബന്ധുവിനെയോ അബദ്ധത്തില്‍ കൊല ചെയ്താല്‍ മനഃപൂര്‍വ്വം കൊല ചെയ്തതിന്റെ വിധിയാണതിനുള്ളത്. ഇത് സ്വഹാബികളിലെ ഒരു വിഭാഗം നടപ്പിലാക്കുകയും മറ്റുള്ളവര്‍ അംഗീകരിക്കുകയും ചെയ്ത സമ്പ്രദായമാണ്. മക്കയിലെ ഹറമിന്റെയും സ്വന്തം രക്തബന്ധുക്കളുടെയും നാലു മാസങ്ങളുടെയും പവിത്രത പരിഗണിച്ച്, ഇവയുമായി കൊലപാതകം ബന്ധപ്പെടുന്നതിനെ ഗൌരവപൂര്‍വ്വം തടയുന്നതിനാണ് ഇങ്ങനെ വിധിയുണ്ടായത്. മദീനയിലെ ഹറം, ഹജ്ജിന് ഇഹ്റാം ചെയ്ത സന്ദര്‍ഭം, റമളാന്‍, മുലകുടി വഴിയോ വിവാഹം വഴിയോ ഉള്ള ബന്ധു എന്നിവക്കൊന്നും മേല്‍പറഞ്ഞ വിധി ബാധകമല്ല” (ഫത്ഹുല്‍ മുഈന്‍:439, തുഹ്ഫ:8/451þ-453, നിഹായ:7/300, 301).

കൊലപാതകമല്ലാത്ത മറ്റു തെറ്റുകള്‍ക്കും മേല്‍പറഞ്ഞ നാലു മാസങ്ങളില്‍ കൂടുതല്‍ ഗൌരവമുണ്ട്. “ഹറമില്‍ വെച്ചോ ഇഹ്റാമിന്റെ സന്ദര്‍ഭത്തിലോ ചെയ്യുന്ന തെറ്റുകള്‍ക്ക് കഠിന ശിക്ഷയുള്ളതുപോലെ, യുദ്ധം നിരോധിക്കപ്പെട്ടിരുന്ന നാലു മാസങ്ങളിലെ തെറ്റുകള്‍ക്ക് മറ്റുള്ള എട്ടു മാസങ്ങളേക്കാള്‍ കൂടുതല്‍ ശിക്ഷയുണ്ട്” (കലാന്‍: 158). മേല്‍പറഞ്ഞ നാലു മാസങ്ങളില്‍ ചെയ്യുന്ന തെറ്റുകള്‍, മറ്റു മാസങ്ങളേക്കാള്‍ എത്രയോ ഇരട്ടി ശിക്ഷാര്‍ഹമാണെന്ന് ഇമാം ഇബ്നു അബ്ബാസ്(റ) പറഞ്ഞിട്ടുണ്ട് (ഇമാം ആലൂസീ(റ)യുടെ ഗാലിയതുല്‍ മവാഇള്: 2/85). വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നു: “യുദ്ധം നിരോധിക്കപ്പെട്ട നാലു മാസങ്ങളില്‍ നിങ്ങളുടെ ശരീരത്തോട് നിങ്ങള്‍ അക്രമം ചെയ്യരുത്”(തൌബ: 36). “തെറ്റുകള്‍ക്ക് കഠിന ശിക്ഷയുള്ള മാസങ്ങളായതിനാല്‍ ഒരു തെറ്റും ചെയ്യരുതെന്നാണ് ഇവിടെ ഉദ്ദേശ്യം” (ജലാലൈനി:158).

തെറ്റുകള്‍ വര്‍ജ്ജിച്ചാല്‍ മാത്രം പോരാ; നന്മകള്‍ വര്‍ദ്ധിപ്പിക്കുകയും വേണം. ഇമാം ആലൂസി(റ) പറയുന്നു: “ഈ നാലു മാസങ്ങളില്‍ ചെയ്യുന്ന നന്മകള്‍ക്ക് എത്രയോ മടങ്ങ് പ്രതിഫലമുണ്ടെന്ന് ഇബ്നു അബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്” (ഗാലിയത്ത്: 2/85).

സുന്നത്തായ വ്രതാനുഷ്ഠാനത്തിന് ഈ നാലു മാസങ്ങള്‍ ഏറ്റവും അനുയോജ്യവും ഉത്തമവുമാണെന്ന് ഇമാമുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “റമളാന്‍ മാസം കഴിഞ്ഞാല്‍ മറ്റു മാസങ്ങളില്‍ വെച്ച് നോമ്പിന് ഏറ്റവും ശ്രേഷ്ഠമായത് യുദ്ധം നിരോധിക്കപ്പെട്ടിരുന്ന നാലു മാസങ്ങളാണ്” (ഫത്ഹുല്‍ മുഈന്‍:204, നിഹായ:3/205). “വിശേഷ ദിനങ്ങളില്‍ നോമ്പെടുക്കല്‍ വളരെ ശക്തിയായ സുന്നത്താണ്. അത്തരം ദിനങ്ങള്‍ ആഴ്ചയിലും മാസത്തിലും വര്‍ഷത്തിലും ആവര്‍ത്തിച്ചു വരുന്നുണ്ട്. വര്‍ഷത്തില്‍ ഒരു തവണ വീതം വരുന്നത് റമളാന്‍ കഴിഞ്ഞാല്‍ അറഫ ദിനവും ആശൂറാഅ് ദിനവും ദുല്‍ഹിജ്ജ, മുഹര്‍റം മാസങ്ങളിലെ ആദ്യത്തെ പത്ത് ദിനങ്ങളുമാണ്. യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന നാലു മാസങ്ങള്‍ മുഴുവന്‍ സുന്നത്ത് നോമ്പിന് സുവര്‍ണ്ണാവസരം തന്നെയാണ്. ഇതെല്ലാം അതിശ്രേഷ്ഠമായ ദിനങ്ങളാണ്. ദുല്‍ഹിജ്ജ, മുഹര്‍റം, റജബ്, ശഅബാന്‍ എന്നീ നാലു മാസങ്ങളാണ് വിശേഷ മാസങ്ങള്‍” (ഇഹ്യാഉ ഉലൂമിദ്ദീന്‍: 1/237). യുദ്ധം ഹറാമാക്കപ്പെട്ടിരുന്ന നാലു മാസങ്ങള്‍ മുഴുവനും നോമ്പെടുക്കല്‍ സുന്നത്തു തന്നെയാണെന്ന് ഇമാം ജുര്‍ജാനി(റ)യും മറ്റും ഖണ്ഢിതമായി പറഞ്ഞിട്ടുണ്ടെന്ന് ഇമാം ഇബ്നുഹജര്‍(റ) ശര്‍ഹുല്‍ ഉബാബില്‍ വ്യക്തമാക്കി (ശര്‍വാനീ: 3/461). വിശേഷ മാസങ്ങള്‍ മുഴുവന്‍ സുന്നത്തു നോമ്പിന് സുവര്‍ണ്ണാവസരമാണ് എന്നു പറയുമ്പോള്‍ അതില്‍പെട്ട ദുല്‍ഹിജ്ജയിലെ 10, 11, 12, 13 ദിവസങ്ങള്‍ (ബലിപെരുന്നാളും അയ്യാമുത്തശ്രീഖും) ഒഴിവാക്കേണ്ടതാണ്. പ്രസ്തുത ദിവസങ്ങളിലും ശവ്വാല്‍ ഒന്നിനും (ഈദുല്‍ ഫിത്വ്ര്‍) വ്രതാനുഷ്ഠാനം ഹറാമാണ് (തുഹ്ഫ:3/417, നിഹായ:3/173, ഫത്ഹുല്‍ മുഈന്‍:204).

END


RELATED ARTICLE

  • മുഹര്‍റം, അല്ലാഹുവിന്റെ മാസം
  • നാല് പവിത്ര മാസങ്ങള്‍
  • ഹിജ്റ കലണ്ടറും പുതുവര്‍ഷവും
  • ആശൂറാ നോമ്പ്
  • ആശൂറാഇലെ പ്രത്യേക കര്‍മ്മങ്ങള്‍
  • ആശൂറാപ്പായസവും സുറുമയും
  • ചില സംശയങ്ങള്‍
  • തൌബയുടെ ദിനം
  • മുഹര്‍റം ഒമ്പതും പതിനൊന്നും
  • മുഹര്‍റം പത്തിലെ ചരിത്ര സംഭവങ്ങള്‍